News - 2024

കന്യാസ്ത്രീകളുടെ 'പ്രശ്നങ്ങള്‍' പരിഹരിക്കാന്‍ സഭാവിരുദ്ധരുടെ സെമിനാര്‍

Voice of Nuns 24-02-2023 - Friday

"കത്തോലിക്കാ സഭയിലും കന്യസ്ത്രീമാരുടെ ജീവിത സാഹചര്യത്തിലും ഉണ്ടാവേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഫെബ്രുവരി 25 ന് സെമിനാർ നടത്തുന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിലാണ് പരിപാടി..." ഫെബ്രുവരി 24 വെള്ളിയാഴ്ച ദിവസത്തെ മനോരമ ദിനപത്രത്തിലെ വാർത്തയാണിത്. ഇത്തരം ചില കുപ്രസിദ്ധമായ നീക്കങ്ങൾക്കൊണ്ട് ശ്രദ്ധേയരായ രണ്ടു കഥാപാത്രങ്ങളുടെ പേരുകളും വാർത്തയിൽ കൊടുത്തിട്ടുണ്ട്. ഒരാൾ പ്രസ്തുത സംഘടനയുടെ പ്രസിഡന്റും, സഭയിലും സഭയുടെ പ്രബോധനങ്ങളിലും വിശ്വാസമില്ല എന്ന് പലപ്പോഴായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയുമാണ്.

പതിനെട്ടാം വയസിന് ശേഷം താൻ കുമ്പസാര കൂട് കണ്ടിട്ടില്ലെന്നും തന്റെ മക്കളെ അതിനൊട്ട് അനുവദിച്ചിട്ടില്ലെന്നും പരസ്യമായി പറഞ്ഞിട്ടുള്ള ആ വ്യക്തി ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം മുഖ്യമായും കത്തോലിക്കാ സഭയുമായി വിവിധവിഷയങ്ങളിൽ കലഹിച്ചുകൊണ്ടിരിക്കുകയും ഒട്ടനവധി തെറ്റിദ്ധാരണകൾ സോഷ്യൽമീഡിയയിലൂടെ സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വ്യക്തിയായ വൈദികൻ തന്റെ തന്നെ സന്യാസസഭയുമായി വർഷങ്ങളായി കലഹിച്ചുകൊണ്ടിരിക്കുന്ന, തോന്നിയതുപോലെ ജീവിക്കുക തന്റെ അവകാശമാണെന്ന് സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്ന വ്യക്തിയാണ്. പ്രസ്തുത പ്രോഗ്രാമുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ കണ്ട പ്രധാനികളിൽ ചിലർ സന്യസ്തരുടെ മരണത്തിന് വിലപേശാൻ പണവുമായി അവരുടെ വീടുകളിൽ ചെന്നിട്ടുള്ളവരാണ്.

ഇവർ ഉൾപ്പെടുന്ന പ്രസ്തുത സംഘടനയും വിരലിലെണ്ണാവുന്ന അതിന്റെ മറ്റു പ്രവർത്തകരും കാലങ്ങളായി സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് തങ്ങൾ ചിലരൊഴികെ മറ്റെല്ലാ ക്രൈസ്തവരും മണ്ടന്മാരാണെന്നും സഭാനേതൃത്വവും വൈദികരും മുഴുവനും തെറ്റുകാരാണെന്നും കന്യാസ്ത്രീമാർ ദുരിതജീവിതം നയിക്കുന്നവരുമാണ് എന്നൊക്കെയാണ്. കേരളത്തിലെ മുഴുവൻ സന്യസ്തർക്കുവേണ്ടി എന്ന വ്യാജേന തികച്ചും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നിരന്തരം നടത്തുകയാണ് ഇവരുടെ പ്രധാന വിനോദങ്ങളിലൊന്ന്. നടപ്പുദോഷംകൊണ്ട് പുറത്താക്കപ്പെട്ട ചില മുൻസന്യാസിനിമാരെയും സമാന പാതയിലൂടെ സഞ്ചരിക്കുന്ന വിരലിലെണ്ണാവുന്ന മറ്റ് ചിലരെയുമാണ് സന്യാസിനിമാരുടെ പ്രതിനിധികളായി ഇവർ എന്നും ഉയർത്തിക്കാണിച്ചുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീമാർ അടിച്ചമർത്തപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും ദുരുപയോഗിക്കപ്പെടുന്നവരുമാണ് എന്ന വാദം നിരന്തരം ഉയർത്തുന്നതോടൊപ്പം അകപ്പെട്ടിരിക്കുന്ന കെണികളിൽനിന്ന് അവരെ രക്ഷിക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്നും അവർ വാദിക്കുന്നു.

ചിന്താശേഷിയുള്ളവർ എന്ന് സ്വയവും മറ്റ് അനേകരും കരുതുന്ന കുറേപ്പേർ ഇത്തരം പ്രചാരണങ്ങളിൽ അകപ്പെട്ട് ഇതുപോലുള്ള കള്ളനാണയങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ഞങ്ങൾ സന്യസ്തരെ അത്ഭുതപ്പെടുത്തുന്നത്. മനോനിലയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചവരും പ്രവൃത്തിദോഷംകൊണ്ട് പടിക്കു പുറത്തായവരുമായ വിരലിലെണ്ണാവുന്ന ചിലരെ കണ്ടുകൊണ്ടാണോ ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളായ നാല്പത്തിനായിരത്തില്പരം സന്യസ്തരെ നിങ്ങൾ വിലയിരുത്തുന്നത്?

തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി സമൂഹം അംഗീകരിക്കുന്ന ചിലരുടെ പിന്നാലെകൂടി, കെട്ടുകഥകൾ പറഞ്ഞുവിശ്വസിപ്പിച്ച് ഒരു വലിയ സമൂഹത്തിനെതിരെ അവരെ തിരിക്കാൻ ചിലർക്ക് കഴിയുന്നുണ്ടെങ്കിൽ മനസിലാക്കുക, നിങ്ങൾക്ക് വലിയ അബദ്ധം പറ്റിയിരിക്കുന്നു. സമൂഹം സത്യസന്ധരെന്നും നീതിനിഷ്ഠർ എന്നും കരുതുന്ന ചിലരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ കൂടെ നിർത്തുന്നതുവഴി, സമൂഹത്തെ ആശയക്കുഴപ്പത്തിൽ അകപ്പെടുത്തുകയാണ് ഇത്തരക്കാർ ലക്ഷ്യമാക്കുന്നത്. സത്യത്തെയും അസത്യത്തെയും കൂട്ടിക്കുഴച്ച് വാസ്തവങ്ങൾ മൂടിവയ്ക്കാനുള്ള ഈ കുടിലബുദ്ധി അത്യന്തം ദോഷകരമാണ്.

കഴിവും കാര്യപ്രാപ്തിയും തെളിയിച്ച, നേതൃപാടവവും സംസാരപാടവവുമുള്ള, ലോകം അംഗീകരിക്കുന്നവരും ലോകത്തിന് ആവശ്യമുള്ളവരുമായ ആയിരക്കണക്കിന് സന്യസ്തർ ഈ കേരളത്തിന്റെ മണ്ണിൽ ഇന്ന് ജീവിക്കുന്നുണ്ട്. അവരിലാരും തങ്ങൾ ആരെന്നു ബോധ്യപ്പെടുത്താൻ ആരുടേയും പിന്നാലെ പോകുന്നവരോ, അങ്ങനെയൊരു ആവശ്യമുണ്ടെന്ന് കരുതുന്നവരോ അല്ല. കാരണം, അവരെല്ലാം പ്രവർത്തന നിരതരാണ്. ചെറുതും വലുതുമായ നൂറുകണക്കിന് ആതുരാലയങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധ സാധനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എണ്ണമറ്റ സേവനമേഖലകളിൽ രാപ്പകൽ വ്യാപൃതരാണ് ബഹുഭൂരിപക്ഷവും. എന്നാൽ, അവരുടെ ഇടങ്ങളൊന്നും അടച്ചുപൂട്ടപ്പെട്ടവയല്ല. ആർക്കും കടന്നു ചെല്ലാനും ആശയവിനിമയം നടത്താനും വാസ്തവങ്ങൾ കണ്ടു ബോധ്യപ്പെടാനും കഴിയുന്ന ഇടങ്ങളാണ് അവ.

ദുഷ്ടലാക്കോടെയും, നിഗൂഢ താൽപ്പര്യങ്ങളോടെയും ഇടുങ്ങിയ സ്ക്വയറുകളിൽ വിളിച്ചുചേർക്കപ്പെടുന്ന സമ്മേളനങ്ങളിലേക്കല്ല, കത്തോലിക്കാ സഭയുടെയും സന്യാസ സമൂഹങ്ങളുടെയും വിശാലമായ പ്രവർത്തനമേഖലകളിലേയ്ക്ക് കടന്നുചെല്ലാനും സത്യം ഗ്രഹിച്ച് അതിന്റെ വക്താക്കളാകാനുമാണ് മാധ്യമങ്ങളും സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരും തയ്യാറാകേണ്ടത്. തങ്ങളുടെ ചിന്താശേഷിയുടെ പരിമിതികൊണ്ടോ, സ്ഥാപിത താല്പര്യങ്ങൾക്കൊണ്ടോ സത്യത്തെ മൂടിവയ്ക്കാനും അസത്യം പ്രചരിപ്പിക്കാനും അതുവഴി സമൂഹത്തിൽ അബദ്ധ ധാരണകൾ വളർത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാരിൽനിന്ന് അകന്നുനിൽക്കുക മാത്രമാണ് അഭികാമ്യം.

ഇനി കന്യാസ്ത്രീകൾക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന കപടനാട്യക്കാരോടാണ്, സന്യാസ സമൂഹങ്ങളും അവരുടെ ജീവിത ശൈലികളും പരിഷ്കരിക്കപ്പെടേണ്ടത് അവരുടെ പതനം ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയിൽ പൊതുനിരത്തിലല്ല, സന്യസ്തർക്കിടയിൽ തന്നെയാണ്. കാലാനുസൃതമായി സന്യാസ ജീവിതത്തെയും സന്യാസ സമൂഹങ്ങളെയും പരിഷ്കരിക്കാനും മാറ്റങ്ങൾ വരുത്താനും സന്യസ്തരുടെ പൂർണ്ണ പങ്കാളിത്തത്തോടെയുള്ള നടപടി ക്രമങ്ങൾ എല്ലാ സമൂഹങ്ങളും ആരംഭം മുതൽ പിന്തുടർന്ന് പോരുന്നതുമാണ്. മഞ്ഞപ്പത്രങ്ങളുടെ ആഖ്യാനങ്ങൾ മാത്രം മുഖവിലയ്‌ക്കെടുത്ത് അജ്ഞതയുടെ ഇരുണ്ട കണ്ണടവച്ച് നടത്തപ്പെടുന്ന ചർച്ചകളോ അതിൽനിന്നുള്ള നിർദ്ദേശങ്ങളോ സന്യസ്തർക്കോ സഭയ്‌ക്കോ ആവശ്യമില്ല.

ഇത്തരക്കാരുടെ പൊള്ളവാക്കുകൾ മുഖവിലയ്‌ക്കെടുത്ത് അവർക്ക് പ്രോത്സാഹനം നൽകുന്ന മാധ്യമങ്ങളോടും ചിലത് പറയാനുണ്ട്. സത്യം മനസ്സിലാക്കിയിട്ടും വ്യാജം പ്രചരിപ്പിക്കുകയും സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അത്തരക്കാരുടെ വാക്കുകൾ ഏറ്റെടുക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതും സമാനതകളില്ലാത്ത ദ്രോഹവും ക്രൂരതയുമാണ്.

വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒമ്പതാം അധ്യായത്തിൽ ഇപ്രകാരം പറയുന്നു: "വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത് ഒരു വലിയ തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." നിങ്ങനെ നയിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾ എന്തുതന്നെയായാലും, വാസ്തവങ്ങൾ ഗ്രഹിക്കാതിരിക്കാൻ തക്കവിധത്തിൽ നിങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും മൂടിയിരിക്കുന്ന ദുഷ്ടശക്തി ഏതായാലും ഞങ്ങൾ നിങ്ങളുടെ മനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കും.

- (സന്യസ്തരുടെ കൂട്ടായ്മ വോയിസ് ഓഫ് നണ്‍സ്)


Related Articles »