India - 2024

കെസിബിസിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്

സ്വന്തം ലേഖകന്‍ 07-10-2018 - Sunday

കൊച്ചി: മാവോയിസ്റ്റുകളുടെ പേരില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിക്ക് (കെസിബിസി) ഭീഷണിക്കത്ത്. ചുവന്ന അക്ഷരത്തില്‍ ടൈപ്പ് ചെയ്ത കത്താണു ലഭിച്ചിരിക്കുന്നത്. നിലമ്പൂരില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണു കത്തിലെ പോസ്റ്റല്‍ സീലില്‍നിന്നു മനസിലാകുന്നത്. സഭാനേതൃത്വം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലും തുടര്‍ന്നു പാലാരിവട്ടം പോലീസിലും പരാതി നല്‍കി. ദ ചീഫ്, കെസിബിസി എന്ന വിലാസത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിലേക്കാണ് ഇന്നലെ കത്ത് എത്തിയത്.

ഞങ്ങള്‍ ഇതുവരെ നിങ്ങള്‍ക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ നിരാലംബരാണ് ആദിവാസികളും കന്യാസ്ത്രീകളും എന്നു തുടങ്ങുന്നതാണ് കത്ത്. സമരം ചെയ്ത കന്യാസ്ത്രീകളെ അനുകൂലിച്ച് എന്ന മട്ടിലാണു കത്തു ലഭിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കു മാനന്തവാടിയെന്നല്ല കേരളത്തിലെ ഏതു സ്ഥലവും കൈയെത്തും ദൂരത്താണെന്നു കത്തില്‍ പറയുന്നു. നിലന്പൂര്‍ കാടുകളിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത് എന്ന ഭീഷണിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. കത്തിനൊടുവില്‍ മാവോയിസ്റ്റുകള്‍ എന്നു ചേര്‍ത്തിട്ടുണ്ട്. സഭാനേതൃത്വം കത്ത് പോലീസിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related Articles »