India - 2025
ക്രൈസ്തവര്‍ ക്രൂശിതനായ ക്രിസ്തുവില്‍ അഭിമാനിക്കുന്ന സമൂഹം: മാർ ജോൺ നെല്ലിക്കുന്നേൽ
പ്രവാചകശബ്ദം 26-02-2023 - Sunday
ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ സംഘടിത കൂട്ടായ്മയെ ഭയക്കുന്ന ശക്തികൾ പ്രബലപ്പെടുകയില്ലായെന്നു ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനിയിൽ നടന്ന ചങ്ങനാശേരി അതിരൂപത 24-ാമത് ബൈബിൾ കൺവൻഷന്റെ സമാപന ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആഗോളസഭ വലിയ ഭീഷണിയുടെ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ, കുറുമ്പനാടം ഫൊറോനാ വികാരി ഫാ.ചെറിയാൻ കറുകപ്പറമ്പിൽ, ചമ്പക്കുളം ഫൊറോനാ വികാരി ഫാ. ഗ്രിഗറി ഓണം കുളം, നെടുങ്കുന്നം ഫൊറോനാ വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ, ഫാ. ടോണി നമ്പിശേരിക്കളം തുടങ്ങിയവർ സഹകാർമികരായിരുന്നു. ആരാധനയ്ക്ക് ഫാ. തോമസ് ചൂളപ്പറമ്പിൽ, ഫാ. ലിബിൻ തുണ്ടുകളം എന്നിവർ കാർമികത്വം വഹിച്ചു.
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചനസന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമാപനസന്ദേശം നൽകി. ജനറൽ കൺവീനറുമയ റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ആരാധനയോടുകൂടി ചങ്ങനാശേരി അതിരൂപത 24-ാമത് ബൈബിൾ കൺവെൻഷൻ സമാപിച്ചു.