Arts

സഹനത്തിന്റെ പ്രതീകം: പാപ്പക്ക് യുദ്ധാവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് സമ്മാനിച്ച് യുക്രൈന്‍ വൈദികന്‍

പ്രവാചകശബ്ദം 26-02-2023 - Sunday

വത്തിക്കാന്‍ സിറ്റി: റഷ്യ - യുക്രൈന്‍ യുദ്ധം കൊണ്ട് പൊറുതിമുട്ടിയ യുക്രൈന്‍ ജനതയുടെ സഹനത്തിന്റെയും, വേദനയുടെയും പ്രതീകമായി യുക്രൈന്‍ കത്തോലിക്ക വൈദികന്‍ യുദ്ധത്തിലെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍വെച്ച് നടന്ന വികാരനിര്‍ഭരമായ കൂടിക്കാഴ്ചക്കിടയിലാണ് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ യുക്രൈന്‍ വിഭാഗമായ ‘കാരിത്താസ്-സ്പെസ്’ന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ഫാ. വ്യാച്ചെസ്ലാവ് ഗ്രിനെവിച്ച് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചില്ലുകളും, മറ്റ് യുദ്ധാവശിഷ്ടങ്ങളുംകൊണ്ട് നിര്‍മ്മിച്ച കുരിശ് പാപ്പക്ക് സമ്മാനിച്ചത്.

യുക്രൈനില്‍ സഭ നടത്തുന്ന മാനുഷിക സഹായങ്ങളെ കുറിച്ച് പാപ്പയെ ധരിപ്പിക്കുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതയുടെ അനുഭവങ്ങള്‍ പാപ്പയെ ഒത്തിരി വേദനിപ്പിച്ചുവെന്നു ഫെബ്രുവരി 22-ന് റോമില്‍ കാത്തലിക്ക് ന്യൂസ് ഏജന്‍സിക്ക് (സി.എന്‍.എ) നല്‍കിയ അഭിമുഖത്തില്‍ ഫാ. ഗ്രിനെവിച്ച് പറഞ്ഞു. താന്‍ പറയുന്നത് ശ്രദ്ധയോടെ കേട്ട ശേഷം ‘എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ ദയവായി എല്ലാവരോടും പറയണം’ എന്ന്‍ പാപ്പ തന്നോട് പറഞ്ഞുവെന്നും, പാപ്പ ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചുവെന്നും ഫാ. ഗ്രിനെവിച്ച് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിനു ഇരയായവരുടെ വ്യക്തിപരമായ കഥകള്‍ പാപ്പയെ ധരിപ്പിച്ച ഫാ. ഗ്രിനെവിച്ച്, യുക്രൈന്‍ ഭാഷയിലുള്ള കുരിശിന്റെ വഴിയും പാപ്പക്ക് സമ്മാനിക്കുകയുണ്ടായി. യുക്രൈന്‍ ജനതയുടെ സഹനങ്ങള്‍ ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുകൊണ്ടായിരുന്നു ഈ സമ്മാനം. ഫെബ്രുവരി 24-ന് കീവിലെ ബോംബ്‌ ഷെല്‍ട്ടറില്‍ കുരിശിന്റെ വഴി നടന്നിരിന്നു. കാരിത്താസ് ഇന്റര്‍നാഷ്ണലിന്റെ യുക്രൈനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വിഭാഗങ്ങളില്‍ ലത്തീന്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ്‌ കാരിത്താസ്-സ്പെസ്. കാരിത്താസ് യുക്രൈനാണ് മറ്റേ വിഭാഗം.

യുദ്ധത്താല്‍ കഷ്ടപ്പെടുന്ന ഏതാണ്ട് 30 ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, അഭയം, മെഡിക്കല്‍ സാധനങ്ങള്‍ എന്നിവക്ക് പുറമേ മാനസികവും, ആത്മീയവുമായ ആശ്വാസം നല്‍കുവാന്‍ ഫാ. ഗ്രിനെവിച്ചിനും സംഘത്തിനും കഴിഞ്ഞവര്‍ഷം സാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, കാരിത്താസ്-സ്പെസും, കാരിത്താസ് യുക്രൈനും ചേര്‍ന്ന് ഏതാണ്ട് 37 ലക്ഷത്തോളം ഭക്ഷണ പൊതികളും, മറ്റ് അവശ്യസാധനങ്ങളും, 15 ലക്ഷത്തോളം വെള്ളം, സാനിട്ടറി, ശുചിത്വ സാധനങ്ങളും, 1,92,000-ത്തോളം ആരോഗ്യപരിപാലന സാധനങ്ങളും, 1,07,600 പേര്‍ക്ക് സാമ്പത്തിക സഹായവും, 6,37,000 പേര്‍ക്ക് സുരക്ഷിതമായ അഭയവും നല്‍കി. കാരിത്താസ് യുക്രൈന് നാല്‍പ്പത്തിരണ്ടോളം സഹായ കേന്ദ്രങ്ങളാണ് യുക്രൈനില്‍ ഉള്ളത്.

More Archives >>

Page 1 of 53