Life In Christ
ഭ്രൂണഹത്യയ്ക്കെതിരെ ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ മെത്രാന്‍
പ്രവാചകശബ്ദം 05-03-2023 - Sunday
ഫ്ലോറിഡ: ലോകമെമ്പാടുമുള്ള അറുപതിലധികം രാഷ്ട്രങ്ങളിലായി ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടി പോരാടുന്ന ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ സംഘടനാംഗങ്ങളായ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കൊപ്പം, പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ മെത്രാന്‍. അമേരിക്കയിലെ പാം ബീച്ച് മെത്രാന്‍ മോണ്‍. ജെറാള്‍ഡ് ബാര്‍ബരിറ്റോയാണ് അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. മാര്‍ച്ച് 2-ന് വെസ്റ്റ് പാം ബീച്ചിലെ 45-മത് സ്ട്രീറ്റിലെ അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ഭാഗമായി നടന്ന ജാഗരണ പ്രാര്‍ത്ഥനയിലാണ് മെത്രാന്‍ പങ്കെടുത്തത്.
ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നു പോസ്റ്റില്‍ പറയുന്നുണ്ട്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ പ്രാദേശിക തലത്തില്‍ വെച്ച തന്നെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22 വിഭൂതിതിരുനാള്‍ ദിനത്തില്‍ ആരംഭിച്ച ഇക്കൊല്ലത്തെ പ്രചാരണം ഏപ്രില്‍ 2 ഓശാന ഞായറാഴ്ചയാണ് അവസാനിക്കുക.വിശുദ്ധ വാരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ ഒന്നുകൂടി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നോമ്പുകാല ആരാധനാ സീസണുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രചാരണ പരിപാടി നടത്തി വരുന്നതെന്നു കൊളംബിയയിലെ 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ പമേല ഡെല്‍ഗാഡോ അടുത്തിടെ ‘സി.എന്‍.എ’യുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ എ.സി.ഐ പ്രെന്‍സായോട് പറഞ്ഞു.