News

റോഡപകടമെന്ന് എഴുതിത്തള്ളിയ അര്‍ജന്റീന മെത്രാന്റെ മരണത്തെക്കുറിച്ചു 46 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരന്വേഷണം

പ്രവാചകശബ്ദം 07-03-2023 - Tuesday

റൊസാരിയോ: നാല്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡപകടം എന്ന പേരില്‍ എഴുതിത്തള്ളിയ അര്‍ജന്റീനയിലെ കത്തോലിക്ക മെത്രാന്റെ മരണത്തേക്കുറിച്ചുള്ള പുനരന്വേഷണത്തിനു സാധ്യതയേറുന്നു. അര്‍ജന്റീനയിലെ സാന്‍ നിക്കോളാസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് കാര്‍ലോസ് ഹൊറാസിയോ പോണ്‍സ് ഡെ ലിയോണിന്റെ മരണം റോഡപകടം മൂലമെന്ന് വിധിച്ച 1978-ലെ കോടതി വിധി റോസാരിയോയിലെ അപ്പീല്‍ കോടതി അടുത്ത നാളില്‍ റദ്ദാക്കിയതാണ് പുനരന്വേഷണത്തിലേക്ക് നയിച്ചത്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന സിവില്‍ - മിലിട്ടറി ഏകാധിപത്യ ഭരണകൂടത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിനും, ഭീഷണിക്കും മെത്രാന്‍ ഇരയായിരുന്നുവെന്ന വസ്തുത തെളിയിക്കപ്പെട്ടതാണെന്നു റോസാരിയോ അപ്പീല്‍ കോടതി വ്യക്തമാക്കി.

1977 ജൂലൈ 11-ന് ഒരു സെമിനാരി വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കുവാന്‍ ബ്യൂണസ് അയേഴ്സിലേക്ക് പോകുന്ന വഴിക്ക് റാമല്ലോക്ക് നഗരത്തിന് സമീപം ദേശീയപാതയില്‍വെച്ച് ഒരു ട്രക്ക് മെത്രാന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ മെത്രാന്റെ വാഹനത്തില്‍ ഇടിച്ച ട്രക്ക് പിന്നീട് ഓടിയിട്ടില്ലെന്നും, അപകടത്തില്‍ സംഭവിച്ചതെന്ന് 1977-ലെ ഓട്ടോപ്സിയില്‍ പറയുന്ന ഒടിവുകള്‍ മെത്രാന്‍ മൃതദേഹത്തില്‍ കണ്ടില്ലെന്നുമാണ് സമീപ കാലത്ത് വിദഗ്ദര്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.

1914 മാര്‍ച്ച് 17-ന് ബ്യൂണസ് അയേഴ്സിലാണ് ബിഷപ്പ് കാര്‍ലോസ് ഹൊറാസിയോയുടെ ജനനം. 1938-ല്‍ തിരുപ്പട്ട സ്വീകരണം നടത്തി. പിന്നീട് സാള്‍ട്ടായിലെ സഹായ മെത്രാനായി സേവനം ചെയ്യവേ, 1966 ജൂണ്‍ 18-നാണ് സാന്‍ നിക്കോളാസ് രൂപതാ മെത്രാനായി അഭിഷിക്തനാകുന്നത്. തന്റെ മരണം വരെ അദ്ദേഹം സാന്‍ നിക്കോളാസ് രൂപതയെ നയിച്ചു. ഒരു മെത്രാനെന്ന നിലയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ അക്രമങ്ങളുടെയും, കുറ്റകൃത്യങ്ങളുടെയും, മനുഷ്യാവകാശ ധ്വംസനങ്ങളുടേയും കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം.

സമീപകാലത്ത് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട മെത്രാന്‍ എൻറിക് ആഞ്ചെലെല്ലിയുടെ മരണത്തേക്കുറിച്ചും മെത്രാന്‍ കാര്‍ലോസ് ഹൊറാസിയോക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയില്‍ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ലാ റിയോജ മെത്രാന്‍ എൻറിക് ആഞ്ചെലെല്ലി. അദ്ദേഹവും ഏകാധിപത്യ ഭരണകൂടത്തോടുള്ള തന്റെ എതിര്‍പ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. 1976 ഓഗസ്റ്റ് 4-ലെ ഒരു വ്യാജ കാര്‍ അപകടത്തിലാണ് ബിഷപ്പ് ആഞ്ചെലെല്ലി മരണപ്പെടുന്നത്. അദ്ദേഹം മരിച്ചത് കാര്‍ അപകടം മൂലമാണെന്നാണ് ദശാബ്ദങ്ങളോളം അധികാരികള്‍ പറഞ്ഞുകൊണ്ടിരുന്നത്.

എന്നാല്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ജൂലൈ 4-ന് അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. 2015-ല്‍ ബിഷപ്പ് ആഞ്ചെലെല്ലിയുടെ നാമകരണത്തിന്റെ രൂപതാതല നടപടികള്‍ക്ക് തുടക്കമായി. ബിഷപ്പിന്റെ രക്തസാക്ഷിത്വം അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ 2019 ഏപ്രില്‍ 27-നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് തിരുസഭ ഉയര്‍ത്തിയത്.

More Archives >>

Page 1 of 827