Arts - 2024
പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നോട്രഡാം കത്തീഡ്രല്‍ അടുത്ത വര്‍ഷം തുറക്കുമെന്ന് പാരീസ് അതിരൂപത
പ്രവാചകശബ്ദം 10-03-2023 - Friday
പാരീസ്: തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പാരീസിന്റെ പ്രതീകവും ചരിത്ര പ്രസിദ്ധവുമായ നോട്രഡാം കത്തീഡ്രല്‍ 2024 ഡിസംബറില്‍ തുറക്കുവാന്‍ കഴിയുമെന്ന് പാരീസ് അതിരൂപത. അടുത്ത വര്‍ഷം അവസാനത്തോടെ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമെന്നു കണ്‍സ്ട്രക്ഷന്‍ സൈറ്റിന്റെ തലവനായ ഫ്രഞ്ച് ആര്‍മി ജനറല്‍ ജീന്‍-ലൂയീസ് ജോര്‍ജെലിന്‍ വ്യക്തമാക്കി. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15നാണ് ദേവാലയം അഗ്നിബാധയില്‍ കത്തിയമര്‍ന്നത്. കത്തീഡ്രല്‍ അഗ്നിക്കിരയായി 24 മാസങ്ങള്‍ക്ക് ശേഷമാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന ഒളിമ്പിക്സ് ഗെയിമുകള്‍ക്ക് മുന്‍പ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാവില്ലെങ്കിലും, അപ്പോഴേക്കും കത്തീഡ്രലിന്റെ പഴയരൂപത്തിലേക്ക് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കത്തീഡ്രലിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്ന ഗോപുരത്തിന്റെ നിര്‍മ്മാണം ഏപ്രിലിലാണ് തുടങ്ങുക. ഈ വര്‍ഷം അവസാനത്തോടെ അംബര ചുംബിയായ ഗോപുരം പാരീസ് ജനതക്ക് കാണുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഗ്രഹപ്രകാരം സമകാലീന ശൈലിയിലായിരിക്കും ഗോപുരം നിര്‍മ്മിക്കുക. ഗോപുരനിര്‍മ്മാണത്തിന് ശേഷമായിരിക്കും കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ നിര്‍മ്മാണം. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാണ്ട് ആയിരത്തോളം ആളുകള്‍ ദിവസംതോറും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നുണ്ടെന്നാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ പറയുന്നത്.
പുറംഭാഗത്തിന്റെ മാത്രം പുനര്‍നിര്‍മ്മാണത്തിന് ഏതാണ്ട് 55 കോടി യൂറോ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 15 കോടി യൂറോ ഇതിനോടകം തന്നെ ചെലവിട്ടു കഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം ദാതാക്കളില്‍ നിന്നുമായി 80 കോടി യൂറോ ശേഖരിച്ചിട്ടുണ്ടെന്നാണ് കത്തീഡ്രല്‍ ഫണ്ട് ഡയറക്ടറായ ക്രിസ്റ്റോഫെ-ചാള്‍സ് റൌസെലോട്ട് പറയുന്നത്. ദേവാലയത്തിന്റെ മുഴുവന്‍ അറ്റകുറ്റപ്പണിക്ക് ഏതാണ്ട് 100 കോടി യൂറോ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ വിശ്വാസം കൂടുതലായി പ്രഘോഷിക്കപ്പെടുന്ന കലാ സൃഷ്ടികള്‍ കത്തീഡ്രലിലെ ചാപ്പലുകളില്‍ ഒരുക്കുന്നുണ്ട്. പദ്ധതിപ്രകാരം നിര്‍മ്മാണം നടക്കുകയാണെങ്കില്‍ 2024-ലെ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ന് കത്തീഡ്രല്‍ തുറക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.