News - 2024
ഫ്രാന്‍സിസ് പാപ്പയ്ക്കു ആശംസകളുമായി ഗ്രാന്‍ഡ് ഇമാം അഹ്മദ് അൽ തയ്യിബ്
പ്രവാചകശബ്ദം 14-03-2023 - Tuesday
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ അപ്പസ്തോലിക സിംഹാസനത്തില്‍ അവരോധിതനായി ഇന്നലെ ഒരു പതിറ്റാണ്ട് തികച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് ആശംസകളുമായി ലോകപ്രസിദ്ധമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ മുസ്ലീം ദേവാലയത്തിന്‍റെ പരമാചാര്യനും കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്സ് ചെയര്‍മാനുമായ അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ്. പ്രിയ സുഹൃത്തും സഹോദരനുമായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മളമായ ആശംസകൾ എന്ന വാക്കുകളോടെയാണ് ഗ്രാന്‍ഡ് ഇമാമിന്റെ കത്ത് ആരംഭിക്കുന്നത്. പാപ്പയായും കത്തോലിക്ക തിരുസഭയുടെ തലവനായും താങ്കൾ സേവനം അനുഷ്ഠിക്കുന്നതിന്റെ പത്താം വാർഷികത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന്‍ അദ്ദേഹം കുറിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ അങ്ങയുടെ മഹത്തായ യാത്രയെ ഞാൻ അഭിമാനപൂർവ്വം അഭിനന്ദിക്കുന്നു. എല്ലാ ജനങ്ങളുടെയും മധ്യേ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങൾ പണിയാൻ അങ്ങ് പരിശ്രമിച്ചു. മനുഷ്യ സഹോദര്യത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതങ്ങളുടെ അനുയായികൾക്കിടയിൽ സംവാദം സ്ഥാപിക്കുന്നതിനുള്ള അങ്ങയുടെ അശ്രാന്ത പരിശ്രമം നാം എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിനുള്ള അടിസ്ഥാനമാണ്. സമാധാനം തേടാനുള്ള അങ്ങയുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കാനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും, പരസ്പരമുള്ള അറിവും ഐക്യദാർഢ്യവും ഏകീകരിക്കുന്നതിനുമുള്ള മതപരവും ധാർമ്മീകവുമായ കടമ നിറവേറ്റുന്നതിന് അങ്ങയോടും സന്മനസ്സുള്ള എല്ലാ ജനങ്ങളോടും ചേർന്ന് സഹായിക്കാനും ദൈവത്തോടു പ്രാർത്ഥിക്കുകയാണ്.
പ്രിയപ്പെട്ട സഹോദരാ, അങ്ങ് ആരോഗ്യം, ക്ഷേമം, സന്തോഷം, എന്നിവയാൽ അനുഗ്രഹിക്കപ്പെടട്ടെ. ലോകത്ത് സുരക്ഷിതത്വവും ശാന്തിയും സഹവർത്തിത്വവും സ്വസ്ഥതയും നിലനിൽക്കുന്നതിനായി മനുഷ്യ സഹോദര്യം സാക്ഷാത്കരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള എല്ലാ സംരംഭങ്ങളെയും സന്തോഷത്തോടെയും സ്വാഗതം ചെയ്യുകയാണെന്നുമുള്ള വാക്കുകളോടെയാണ് സന്ദേശം സമാപിക്കുന്നത്. പാപ്പ അറേബ്യന്‍ നാടുകളിലേക്ക് രണ്ടു തവണ നടത്തിയ സന്ദര്‍ശനത്തിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരിന്നു.