Life In Christ - 2025
തന്റെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥന: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 15-03-2023 - Wednesday
വത്തിക്കാന്‍ സിറ്റി: തന്റെ വൈദിക ജീവിതത്തിലും, തുടർന്ന് മെത്രാൻ എന്ന നിലയിലും ഇപ്പോൾ പാപ്പയെന്ന നിലയിലും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പ. പത്രോസിന്റെ പിന്‍ഗാമിയായുള്ള തന്റെ അജപാലനശുശ്രൂഷയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇൻഫോബെ എന്ന അർജന്റീനിയൻ ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവവിളി സ്വീകരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന ചിന്ത തന്നെ സംബന്ധിച്ചിടത്തോളം ശരിയല്ല. ദൈവവിളി ദൈവവുമായുള്ള സംഭാഷണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും പാപ്പ അടിവരയിട്ടു.
സേവനമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്ര. അതിൽ അസൂയയുടെയോ, സ്വാർത്ഥതയുടെയോ ചിന്തകൾക്ക് സ്ഥാനമില്ല. നമ്മുടെ പരിമിതികളും, തെറ്റുകളും പാപങ്ങളുമെല്ലാം നമ്മുടെ കൂടെ ഉണ്ടെങ്കിലും ദൈവം നമ്മെ ഏറ്റെടുക്കുന്നു. പുരോഹിതനെന്നും ജനങ്ങളുടെ ഇടയനാകണമെന്നും പാപ്പ പറഞ്ഞു. മറ്റ് കർദ്ദിനാളുമാരുമായുള്ള ബന്ധത്തെ പറ്റി ചോദിച്ചപ്പോൾ, അവരുടെ തുറവിയാർന്ന സംഭാഷണങ്ങൾ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും, അതിന് അവരോട് നന്ദി പറയുന്നുവെന്നും പാപ്പ പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തോടും, വിശുദ്ധ യൗസേപ്പ് പിതാവിനോടുമുള്ള തന്റെ പ്രത്യേക ഭക്തിയും പാപ്പ എടുത്തു പറഞ്ഞു. കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ അമ്മ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും തന്റെ ഈ അനുഭവം മറ്റുള്ളവർക്കും പകർന്നു നൽകുവാൻ സാധിച്ചിട്ടുണ്ടെന്നും പാപ്പ പങ്കുവച്ചു.