Youth Zone
പ്രോലൈഫ് വിജയം: അമേരിക്കന്‍ സംസ്ഥാനമായ യൂറ്റായിലെ ഭ്രൂണഹത്യ ക്ലിനിക്കുകളെ നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു
പ്രവാചകശബ്ദം 18-03-2023 - Saturday
സാള്‍ട്ട് ലേക്ക് സിറ്റി: അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള സംസ്ഥാനമായ യൂറ്റായിലെ മുഴുവന്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളും നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ സംസ്ഥാന ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് ഒപ്പുവെച്ചു. കരിയാന്നെ ലിസണ്‍ബീ, ക്ലിയര്‍ഫീല്‍ഡ് എന്നീ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച 'ഹൗസ് ബില്‍ 467' ഈ മാസം ആദ്യം സംസ്ഥാന നിയമ നിര്‍മ്മാണ സഭ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. 2024 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭ്രൂണഹത്യ കേന്ദ്രങ്ങളേയും നിരോധിക്കുകയും, മെയ് 2 മുതല്‍ അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിന്നും സംസ്ഥാന അധികാരികളെ വിലക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം.
നിലവിലെ ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ലൈസന്‍സുകള്‍ അര്‍ത്ഥമില്ലാത്തതായി തീരും. യൂറ്റായിലെ നിലവില്‍ പ്രാബല്യത്തിലുള്ള ഭ്രൂണഹത്യ നിരോധനത്തെ മറികടന്നുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പുറത്ത് സംസ്ഥാനത്ത് ഇപ്പോഴും ഭ്രൂണഹത്യ നിയമപരമായി നടക്കുന്നുണ്ട്. എന്നാല്‍ ആ കോടതി ഉത്തരവ് നിലനില്‍ക്കേ തന്നെ ഭ്രൂണഹത്യ നിരോധിക്കുവാന്‍ പുതിയ നിയമംകൊണ്ട് കഴിയും. അസാധാരണവും അപകടകരവുമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന നിഷ്കളങ്ക ജീവനുകളെയും, സ്ത്രീകളെയും സംരക്ഷിക്കുകയാണ് ഈ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ലൈസണ്‍ബീ പറഞ്ഞു.
സാള്‍ട്ട് ലേക്ക് സിറ്റിയിലെ വാസാച്ച് വിമന്‍സ് സെന്ററും മൂന്ന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കുകയും ഉള്‍പ്പെടുന്ന നാല് അബോര്‍ഷന്‍ കേന്ദ്രങ്ങളാണ് നിലവില്‍ യൂറ്റായില്‍ ഉള്ളത്. പുതിയ നിയമത്തിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ബലാല്‍സംഗം, വേശ്യാവൃത്തി, ഭ്രൂണങ്ങള്‍ക്കുള്ള ഗുരുതര വൈകല്യം, അമ്മയുടെ ജീവന് ഭീഷണി തുടങ്ങിയ സാഹചര്യങ്ങളില്‍ ഒഴികെയുള്ള അബോര്‍ഷനുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ ഉണ്ടെങ്കിലും, പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ അപേക്ഷപ്രകാരം കോടതി ഈ നിയമത്തെ തടഞ്ഞിരിക്കുകയാണ്.
യൂറ്റാ അറ്റോര്‍ണി ജനറല്‍ സീന്‍ റെയിസ ഇതിനെതിരെ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ റെയിസ് വിജയിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ കര്‍ശനമായി നിരോധിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുള്ള 14 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം യൂറ്റായും ചേരും. സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് 2,818 നിഷ്കളങ്ക ജീവനുകളാണ് ഭ്രൂണഹത്യ മൂലം യൂറ്റായില്‍ കൊല്ലപ്പെട്ടത്. അതേസമയം ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചതോടെ പ്രോലൈഫ് സമൂഹം വലിയ ആഹ്ളാദത്തിലാണ്.