News
മാർ ജോസഫ് പവ്വത്തിലിന് കേരളത്തിന്റെ യാത്രാമൊഴി
പ്രവാചകശബ്ദം 22-03-2023 - Wednesday
ചങ്ങനാശേരി: കേരള കത്തോലിക്ക സഭയില്‍ ശക്തമായ സ്വാധീനം ചെലുത്തി വിടവാങ്ങിയ ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് ആദരവോടെ നാടിന്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍ സഭാതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള പ്രമുഖര്‍ അടക്കമുള്ള അനേകരുടെ സാന്നിധ്യമുണ്ടായിരിന്നു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ അൻപതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാർമികരായി.
സീറോ മലങ്കരസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ലത്തീൻ സഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സന്ദേശങ്ങൾ നൽകി. ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ്പ് മാർ തോമസ് പാടിയത്ത് വായിച്ചു. ചെമ്പ് പട്ടയിൽ കൊത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാർ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയിൽ അടക്കം ചെയ്തു.
മെത്രാപ്പോലീത്തൻ പള്ളിയോടു ചേർന്നുള്ള മർത്തമറിയം കബറിടപള്ളിയിലെ മുൻ ആർച്ച് ബിഷപ്പ് ദൈവദാസൻ മാർ കാവുകാട്ട് ഉൾപ്പെടെയുള്ള അഭിവന്ദ്യരായ മെത്രാന്മാരുടെ കബറിടത്തോടുചേർന്നാണ് മാർ പവ്വത്തിലിന്റെ ഭൗതികശരീരം അടക്കം ചെയ്തത്. മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ മാക് ടിവി അടക്കം നിരവധി ചാനലുകളിലൂടെ നടത്തിയിരിന്നു. പതിനായിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശുശ്രൂഷകള്‍ കണ്ടത്.