News - 2024
കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാർത്ഥത്തിൽ ആരാണ്?
വിജിലന്‍റ് കാത്തലിക് 21-03-2023 - Tuesday
കണ്ണൂർ ജില്ലയിൽ നടന്ന ഒരു കർഷക പ്രതിഷേധ വേദിയിൽ പ്രസംഗിച്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമർശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ? "കേരളത്തിലെ കർഷക സമൂഹത്തിന്, പ്രത്യേകിച്ച് റബർ കർഷകർക്ക് (റബർ കർഷകർ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹത്തിനിടയിൽനിന്നായിരുന്നു പിതാവിന്റെ സംസാരം) ഒരു പുനർജീവനത്തിന് വഴിയൊരുക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം, കേന്ദ്ര സർക്കാർ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം, അത്തരത്തിൽ കർഷകരെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുന്ന രാഷ്ട്രീയ പാർട്ടികൾ ഏതായാലും - ബിജെപി ആയാലും - കർഷകർ പിന്തുണയ്ക്കുക തന്നെ ചെയ്യും." നീണ്ട പ്രഭാഷണത്തിനിടയിലെ ഒന്നോരണ്ടോ വാചകങ്ങളാണ് ചില തൽപരകക്ഷികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്‌പോൺസർഷിപ്പ് ഇല്ലാതെ നടക്കുന്ന യഥാർത്ഥ അതിജീവന സമരങ്ങളെയും ന്യായമായ അവരുടെ ആവശ്യങ്ങളെയും എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒന്നുപോലെ തമസ്കരിക്കുകയാണ് എന്ന നിശിത വിമർശനമാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് വേദിയിൽ ഉയർത്തിയത്.
എന്നാൽ, കത്തോലിക്കാ സഭ ബിജെപിയുമായി കക്ഷി ചേരാൻ ഒരുങ്ങുന്നതിന്റെ തെളിവാണ് പിതാവിന്റെ വാക്കുകൾ എന്ന് തൽപരകക്ഷികൾ ആരോപിക്കുകയും ആരോപണങ്ങളെ വിവാദമാക്കി വളർത്തുകയും ചെയ്തു. പുണ്യസ്മരണാർഹനായ സ്റ്റാൻസ്വാമി അച്ചന്റെ മരണവും, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളും ചൂണ്ടികാണിച്ച്, സമുദായത്തെ ഒറ്റികൊടുക്കുന്നവരായി കേരള ക്രൈസ്തവ നേതാക്കളെ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളും അനുബന്ധ സംഘടനകളും.
കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാർത്ഥത്തിൽ ആരാണ്?
1) ജനദ്രോഹികൾ
ബഫർസോൺ സംബന്ധിച്ച ഭീഷണികൾ, വന്യമൃഗ ശല്യം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, വിവിധ കാരണങ്ങളാലുള്ള വിളനാശം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ സാധാരണക്കാരായ കർഷക സമൂഹവും, തീരദേശ സംബന്ധമായ വിവിധ പ്രശ്നങ്ങളാൽ തീരദേശവാസികളും മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ അതിജീവന പ്രതിസന്ധികളെ നേരിടുന്നു. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ മനുഷ്യരും കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന, യുവജനങ്ങൾ കൂട്ടത്തോടെ നാടുവിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, അത്തരം ഗൗരവതരമായ വിഷയങ്ങൾ പരിഗണനയിലെടുക്കാൻ സർക്കാരോ, ക്രിയാത്മകമായി ഇടപെടാൻ പ്രതിപക്ഷമോ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ കർഷകർ, മൽസ്യത്തൊഴിലാളികൾ, തീരദേശ - മലയോരമേഖലാ നിവാസികൾ തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളിൽനിന്ന് പൂർണ്ണമായും മുഖംതിരിക്കുന്ന സർക്കാർ നിലപാടിനെ മാധ്യമങ്ങളും, ചിന്താശേഷിയുള്ളവർ എന്ന് സ്വയം കരുതുന്നവരും വിവേകരഹിതമായി പിന്തുണയ്ക്കുകയാണ്.
കെ - റെയിലിനും, തുറമുഖ പദ്ധതികൾക്കും മുമ്പ് ഇവിടെ ഉറപ്പുവരുത്തപ്പെടേണ്ടത് സാധാരണക്കാരന്റെ സുരക്ഷിതത്വമാണ്. അതാണ് ഒരു സർക്കാരിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തവും. എന്നാൽ, ഈ കടമ നിർവഹിക്കുന്നതിൽ കേരളസർക്കാർ പൂർണ്ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം കത്തിച്ച് നാട്ടുകാരെ വിഷപ്പുക ശ്വസിപ്പിക്കുകയും അതിന്റെ പേരിൽ അന്തർദ്ദേശീയ തലത്തിൽ തന്നെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടും ശാസ്ത്രീയമായ മാലിന്യ നിർമാർജനത്തെകുറിച്ചോ സംസ്കരണത്തെ കുറിച്ചോ ഇതുവരെയും ഗൗരവമായ ആലോചന ഭരണ കേന്ദ്രങ്ങളിൽ ഉണ്ടായിട്ടില്ല എന്നത് ഇവിടുത്തെ പൗരന്മാരുടെ കാര്യത്തിൽ സർക്കാരിനുള്ള നിസംഗതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ജനദ്രോഹപരമായി ആയി മാറിയിരിക്കുന്നു ഇവിടുത്തെ ഭരണ വ്യവസ്ഥിതി. പിഴയും പിരിവും മൂലം പൊതുജനം ക്ലേശമനുഭവിക്കുമ്പോൾ, വീണ്ടും വീണ്ടും ജനത്തെ പിഴിയാൻ പുതു വഴികൾ തേടുകയാണ് സർക്കാർ.
ഇത്തരം സാഹചര്യങ്ങളിലാണ് കർഷകരുടെയും തീരദേശവാസികളുടെയും അതിജീവനപ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ട് സഭയിലെ ഇടയന്മാർ മുന്നോട്ടുവന്നിട്ടുള്ളത്. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് സംസാരിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകിയ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ഇത്തരം ഇടപെടലുകൾക്ക് മുന്നിട്ടിറങ്ങിയ മെത്രാന്മാർക്ക് ഉദാഹരണങ്ങൾ മാത്രമാണ്. എക്കാലവും സാധാരണക്കാരുടെ പ്രതിസന്ധിഘട്ടങ്ങളിൽ അവർക്കൊപ്പം അവരുടെ ഇടയന്മാർ ഉണ്ടായിരുന്നു എന്ന് കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് സാമാന്യ ബോധ്യമുള്ളവർക്ക് അറിയാം.
2) കേരളത്തിലെ ക്രൈസ്തവ പീഡകർ
പതിറ്റാണ്ടുകളായി കേരളത്തിൽ ക്രൈസ്തവസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കടുത്ത തിരസ്കരണവും അവഹേളനങ്ങളുമാണ്. എല്ലാ മേഖലകളിലും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾ ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ഭരണകാലത്തും ഇടത് സംഘടനകൾ വഴിയായും ക്രൈസ്തവ സമൂഹങ്ങളും കത്തോലിക്കാ സഭയും നേരിടുന്ന വിവേചനങ്ങളും അധിക്ഷേപങ്ങളും വളരെ വലുതാണ്. ഏറ്റവും ഒടുവിൽ, കക്കുകളി എന്നപേരിൽ രാഷ്ട്രീയപ്രേരിതമായി ഒരു നാടകം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി വേദികളുണ്ടാക്കി പ്രദർശിപ്പിക്കുന്നത് ഇടതുപക്ഷ സംഘടനകളുടെ ഒത്താശയോടെയും സ്പോൺസർഷിപ്പോടെയുമാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.
ക്രൈസ്തവ സന്യാസത്തെ അത്യന്തം അവഹേളനപരമായി ചിത്രീകരിക്കാൻ നിർമ്മിച്ച നാടകമാണ് കക്കുകളി. 1986 ൽ "ക്രിസ്തുവിന്റെ ആറാം തിരുമുറിവി"ൽ തുടങ്ങിയ നാടകങ്ങളിലൂടെയുള്ള അധിക്ഷേപം ഇന്നും തുടരുന്നു എന്നുള്ളതാണ് വാസ്തവം. ഇടതുപക്ഷ ഉടമസ്ഥതയിലുള്ളതും, കമ്മ്യൂണിസ്റ്റ് അഭിമുഖ്യത്തോട് കൂടിയതുമായ അച്ചടി, ദൃശ്യ മാധ്യമങ്ങൾ കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായി ദുഷ്പ്രചാരണങ്ങൾ നടത്തിവരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും പോഷകസംഘടനകളും ഉയർത്തിപ്പിടിക്കുന്ന നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ ആരംഭകാലം മുതൽ പുലർത്തിവന്നിരുന്ന നിലപാട് ക്രൈസ്തവവിരുദ്ധതയാണ്. ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിൽ "മതമില്ലാത്ത ജീവൻ" എന്ന പേരിൽ ഒരു അധ്യായം കൂട്ടിച്ചേർത്ത നടപടി ഈ മതേതര സമൂഹത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്വീകരിച്ചിട്ടുള്ളതാണ്. സഭയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ തുടരുന്ന സാമൂഹിക സേവന, ആതുര ശുശ്രൂഷാ, വിദ്യാഭ്യാസ രംഗങ്ങളിലെ അതുല്യമായ ഇടപെടലുകളിൽനിന്നെല്ലാം മുഖം തിരിക്കുകയും നടത്തിപ്പ് ദുഷ്കരമാക്കി മാറ്റുകയും ചെയ്യുന്ന നിലപാടുകളും പതിവായി ഇടതുപക്ഷ മന്ത്രിസഭകൾ സ്വീകരിച്ചുവരുന്നു.
കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും മറ്റും അഗതിമന്ദിരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് വൃദ്ധരും രോഗികളും ആയവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിച്ചതും, അത്തരം സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ധനസഹായവും, റേഷൻ വിഹിതവും പലപ്പോഴും നിഷേധിക്കുന്നതും തുടങ്ങി അത്യന്തം നിഷേധാത്മകമായ സമീപനങ്ങളാണ് ഇടതുപക്ഷ സർക്കാർ സമീപകാലങ്ങളിൽ പുലർത്തിവരുന്നത്.
ഏറ്റവും ഒടുവിൽ 2023 ഫെബ്രുവരിയിൽ, പുരോഹിതർ, സന്യസ്തർ, സഭാസ്ഥാപനങ്ങളിലെ അന്തേവാസികൾ തുടങ്ങിയവർക്ക് യാതൊരു കാരണവശാലും സാമൂഹിക സുരക്ഷാ പെൻഷൻ നൽകരുത് എന്ന ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവും കേരളസർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. മറ്റൊരു മതവിഭാഗങ്ങളോടുമില്ലാത്ത വിവേചനവും ശത്രുതാ മനോഭാവവുമാണ് ഇടതുപക്ഷ സർക്കാർ ക്രൈസ്തവ സമൂഹത്തോടും, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ജീവിക്കുന്ന മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളോടും പുലർത്തിവരുന്നത്.
red>none->b->കേരളത്തിലെ പ്രതിസന്ധികൾ ചെറുതോ?