News - 2025
''നമുക്കു നേരിൽ കാണാനാകുമോയെന്ന് എനിക്കുറപ്പില്ല''; ഇനി നിത്യതയില്‍ അവര്‍ ഒരുമിച്ച്
പ്രവാചകശബ്ദം 22-03-2023 - Wednesday
ചങ്ങനാശ്ശേരി: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് 2020-ല്‍ നവതിയോട് അനുബന്ധിച്ച് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന് അന്നു വിശ്രമ ജീവിതം നയിക്കുകയായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ അയച്ച സന്ദേശം വീണ്ടും ശ്രദ്ധ നേടുന്നു. ഇരുവരും തമ്മിലുള്ള സ്നേഹവും സൌഹൃദവും വീണ്ടും സ്ഥിരീകരിക്കുന്നതായിരിന്നു ഈ ആശംസ സന്ദേശത്തിലെ ഓരോ വാക്കുകളും. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ പവ്വത്തില്‍ പിതാവ് നേരിന്റെ പക്ഷത്തായിരിന്നുവെന്ന് ബെനഡിക്ട് പാപ്പ അന്നു പ്രത്യേകം അനുസ്മരിച്ചിരിന്നു. പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിട്ടാണ് രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടതെന്നും അന്നു ബെനഡിക്ട് പാപ്പ കുറിച്ചു.
ആശംസ കൈമാറി, രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 31നു സത്യ വിശ്വാസത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. മൂന്നു മാസം പിന്നിടും മുന്‍പ് സീറോ മലബാര്‍ സഭയുടെ കിരീടമെന്ന് ബെനഡിക്ട് പാപ്പ തന്നെ വിശേഷണം നല്‍കിയ പവ്വത്തില്‍ പിതാവും നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. നവതി ആശംസ സന്ദേശത്തിലെ അവസാന വാചകങ്ങള്‍ ഇന്ന് ഏറെ ശ്രദ്ധ നേടുകയാണ്. ''നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു''.
സ്വര്‍ഗ്ഗത്തില്‍ ത്രീയേക ദൈവത്തിന്റെ സാന്നിധ്യത്തില്‍ അവര്‍ ഒന്നിക്കപ്പെട്ടിരിക്കുന്നു.
ബെനഡിക്ട് പാപ്പ, പവ്വത്തില്‍ പിതാവിന് അന്നു അയച്ച സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
ആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു.
ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു നിന്നു.
രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടത്, പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിരുന്നു. ഈ നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അങ്ങയുടെ നേട്ടങ്ങൾക്കും സഹനങ്ങൾക്കും എന്റെ ആത്മാർഥമായ ആദരം.
ദൈവ നാമത്തിൽ എന്റെ സ്നേഹസാഹോദര്യവും ആശംസകളും നേരുന്നു.
ഒപ്പ്.
പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ.