Youth Zone
'ഹോളി സ്പിരിറ്റ് ബോര്‍ഡ്' ക്രൈസ്തവരെ കെണിയിലാക്കുവാന്‍ പുതിയ പൈശാചിക തന്ത്രം; മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകന്‍
പ്രവാചകശബ്ദം 03-04-2023 - Monday
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വില്‍ക്കുന്ന ‘ഹോളി സ്പിരിറ്റ്’ ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ. തനിക്ക് കഴിയാവുന്ന എല്ലാ ഇരകളേയും ചതിയില്‍പ്പെടുത്തുവാന്‍ സാത്താന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് അതില്‍ ഒരെണ്ണമാണെന്നും ഫാ. കാരോ പറയുന്നു. മെക്സിക്കോയിലെ മോണ്ടേരി രൂപതാംഗമായ ഫാ. കാരോ മാര്‍ച്ച് 28-ന് ‘ഇ.ഡബ്യു.ടി.എന്‍ നൈറ്റ്ലി’ ന്യൂസിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
“യേശുവുമായി നേരിട്ട് സംസാരിക്കൂ” എന്നാണ് ഗെയിമിന്റെ പാക്കിംഗില്‍ പറയുന്നത്. ദേവാലയങ്ങള്‍ക്കും, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കും, സുഹൃദ്സംഘങ്ങള്‍ക്കും ഈ ഗെയിം ഉത്തമമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അനേകരെ വഴിതെറ്റിക്കാന്‍ ദൈവം, കുരിശുരൂപം, മാലാഖമാര്‍, പ്രാവ് തുടങ്ങിയ ക്രിസ്തീയ ചിത്രങ്ങള്‍ ബോര്‍ഡില്‍ കാണാം. ആത്മാക്കളുമായി സംസാരിക്കുവാന്‍ ഓജാ ബോര്‍ഡില്‍ ത്രികോണാകൃതിയിലുള്ള പതക്കം ഉപയോഗിക്കുമ്പോള്‍, ഹോളി സ്പിരിറ്റ് ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തിലുള്ള കുരിശാണ് ഉപയോഗിക്കുന്നത്. ഇത് കെണിയില്‍ വീഴ്ത്താനുള്ള വലിയ തന്ത്രമാണെന്ന് വൈദികന്‍ പറയുന്നു.
“നിങ്ങള്‍ക്ക് വേണ്ട ഉത്തരങ്ങള്‍ നേടൂ - മനുഷ്യനില്‍ തുടങ്ങി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഹോളി സ്പിരിറ്റ് ബോര്‍ഡിന് കഴിയും” എന്നാണ് ഗെയിമിന്റെ വിവരണത്തില്‍ പറയുന്നത്. മറ്റ് ബോര്‍ഡുകള്‍ പോലെ ഇതൊരിക്കലും ദുരാത്മാക്കളോ, പിശാചുമോ ആയി ബന്ധപ്പെടില്ലെന്നും അതിനാല്‍ സുരക്ഷിതമായി കളിക്കാമെന്നും വിവരണത്തില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, ക്രൈസ്തവരെ കെണിയില്‍ വീഴ്ത്തുന്നതിന് ഓജോ ബോര്‍ഡ് പുതിയ രീതിയില്‍ ഇറക്കിയിരിക്കുന്നതാണ് ഹോളി സ്പിരിറ്റ് ബോര്‍ഡെന്നു ഫാ. കാരോ പറയുന്നു. ഓജാബോര്‍ഡിന്റെ ഉപയോഗത്തെ കത്തോലിക്ക സഭ ശക്തമായി അപലപിച്ചിട്ടുണ്ട്.
ബോര്‍ഡിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ യേശുവാണ് നമ്മോട് സംസാരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കും. എന്നാല്‍ അങ്ങനെ അല്ലായെന്ന് വൈദികന്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഉപയോഗിച്ചവരോടുള്ള മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ബോര്‍ഡ് ഒഴിവാക്കുന്നതിനോടൊപ്പം, കുമ്പസാരിച്ച്, പശ്ചാത്തപിച്ച് ദൈവത്തോട് മാപ്പപേക്ഷിക്കുക. വൈദികനോട് പ്രത്യേകമായി ആശീര്‍വാദം ചോദിക്കുക” എന്നിവ ചെയ്യണമെന്നും ഫാ. ഏര്‍ണസ്റ്റോ കാരോ പറയുന്നു.
''ജ്യോതിഷത്തിന്റെ എല്ലാ രൂപങ്ങളും ഉപേക്ഷിക്കേണ്ടതാണ്. സാത്താനെ അല്ലെങ്കിൽ പിശാചുക്കളെ ആശ്രയിക്കുന്നത്. മരിച്ചവരോടുള്ള മാന്ത്രികസംവേദനം അല്ലെങ്കിൽ, ഭാവി “വെളിപ്പെടുത്തുമെന്ന മിഥ്യാസങ്കൽപത്തിൽ ചെയ്യപ്പെടുന്ന പ്രവൃത്തികൾ ജാതകം നോട്ടം, നക്ഷത്രഫലം, കൈനോട്ടം, ശകുനങ്ങളുടെയും കുറികളുടെയും വ്യാഖ്യാനം, അതീന്ദ്രിയ ദർശനം എന്ന പ്രതിഭാസം, മാധ്യമങ്ങളോടുള്ള (Mediums) ആലോചനതേടൽ എല്ലാം സമയത്തിന്റെയും ചരിത്രത്തിന്റെയും മേൽ, ആത്യന്തികമായ അപഗ്രഥനത്തിൽ, മറ്റു മനുഷ്യരുടെയും മേൽ ശക്തിയുണ്ടാവുക എന്ന ആഗ്രഹത്തെയും, അതുപോലെ നിഗൂഢശക്തികളെ പ്രസാദിപ്പിക്കാനുള്ള മോഹത്തെയും വെളിപ്പെടുത്തുന്നു. നമുക്കു ദൈവത്തോടു മാത്രമുണ്ടായിരിക്കേണ്ട ബഹുമാനം ആദരവ് സ്നേഹപൂർണമായ ഭയം എന്നിവയ്ക്ക് എതിരാണെന്നാണ്'' കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ 2116-മത് ഖണ്ഡിക പഠിപ്പിക്കുന്നത്.