Faith And Reason
പരിശുദ്ധാത്മാവ് പൗരോഹിത്യ ജീവിതത്തിന്റെ ഉറവിടം, പരിശുദ്ധാത്മാവ് ഇല്ലെങ്കില്‍ സഭ മനുഷ്യനിർമ്മിത ആലയം മാത്രമാകും: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 07-04-2023 - Friday
വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ ജീവിതത്തില്‍ ഓരോ പുരോഹിതന്റെയും ചെതന്യത്തിൻറെ ഉറവിടം പരിശുദ്ധാത്മാവാണെന്ന് തിരിച്ചറിയണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്നലെ പെസഹാ വ്യാഴാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ തൈലാശീർവ്വാദ തിരുക്കർമ്മത്തോട് അനുബന്ധിച്ച് നടത്തിയ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുനാഥൻ പൗരോഹിത്യം സ്ഥാപിച്ച ദിനമാണ് പെസഹാ വ്യാഴാഴ്‌ച എന്നനുസ്മരിച്ച പാപ്പ, പരിശുദ്ധാത്മാവാണ് ജീവദായകൻ എന്ന് സഭ പഠിപ്പിക്കുന്നുവെന്നു പറഞ്ഞു. പരിശുദ്ധാരൂപിയുടെ അഭാവത്തിൽ സഭയ്ക്കു പോലും ക്രിസ്തുവിൻറെ ജീവനുള്ള മണവാട്ടിയായിരിക്കാൻ സാധിക്കില്ലയെന്നും അത് വെറും മതപരമായ ഒരു സംഘടനയായി പരിണമിക്കുമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.
പരിശുദ്ധാത്മാവില്ലെങ്കിൽ സഭ ക്രിസ്തുവിൻറെ മൗതിക ശരീരമാകില്ല. മനുഷ്യനിർമ്മിത ആലയമായിത്തീരുമെന്നും പാപ്പ പറഞ്ഞു. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയങ്ങളായി നാം മാറാത്തപക്ഷം നമുക്കെങ്ങനെ സഭയെ കെട്ടിപ്പടുക്കാനാകും എന്ന ചോദ്യവും പാപ്പ ഉന്നയിച്ചു. പരിശുദ്ധാരൂപിയെ നമുക്ക് വീടിനു പുറത്തോ ഭക്തികേന്ദ്രങ്ങളിലോ മാറ്റി നിറുത്താനാകില്ല. പരിശുദ്ധാത്മാവേ എന്നിൽ വരേണമേ, എന്തെന്നാൽ നിൻറെ ശക്തികൂടാതെ മനുഷ്യനിൽ ഒന്നുമില്ല എന്ന് അനുദിനം നാം വിളിച്ചപേക്ഷിക്കണം. നസ്രത്തിലെ കന്യകയായ മറിയത്തിൻറെ ഉദരത്തിലായിരുന്നു പ്രഥമ അഭിഷേകമെന്നും തുടർന്ന് ജോർദ്ദാനിൽവെച്ച് യേശുവിൻറെ മേൽ പരിശുദ്ധാത്മാഭിഷേകം ഉണ്ടാകുന്നുവെന്നും ഇതേ തുടര്‍ന്നു യേശു ചെയ്യുന്ന എല്ലാ പ്രവർത്തികളും പരിശുദ്ധാരൂപിയുടെ സഹസാന്നിദ്ധ്യത്തിലാണെന്നും പാപ്പ വിശദീകരിച്ചു.
വചനാഭിഷേകം ലഭിച്ച അപ്പോസ്തലന്മാരുടെ ജീവിതം മാറി മറിയുകയും അവർ ഗുരുവിനെ പിൻചെല്ലുകയും ഉത്സാഹത്തോടെ പ്രസംഗിക്കാൻ ആരംഭിക്കുകയും ചെയ്തുവെങ്കിലും പെസഹാ ആയപ്പോൾ എല്ലാം സ്തംഭനാവസ്ഥയിലായ പ്രതീതിയാണുണ്ടായത്. അവർ ഗുരുവിനെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ടാം അഭിഷേകം, പെന്തക്കൂസ്താ ദിനത്തിലെ പരിശുദ്ധാത്മാഭിഷേകം ക്രിസ്തുശിഷ്യരെ രൂപാന്തരപ്പെടുത്തുകയും അജഗണത്തെ മേയ്ക്കാൻ പ്രാപ്തരാക്കുകയും ചെയ്തു. സമാനമായൊരു യാത്രയാണ് പൗരോഹിത്യ ജീവിതവും ആശ്ലേഷിക്കുന്നത്. ഹൃദയം കവർന്ന സ്നേഹത്തിൻറെ വിളിയായ പ്രഥമ അഭിഷേകത്തോടെയാണ് ഈ ജീവിതത്തിന് തുടക്കമാകുന്നത്.
ആ ജീവിതത്തിലേക്ക് ആവേശത്തോടെ ഇറങ്ങിത്തിരിക്കുന്നവർക്ക് അപ്പോസ്തലന്മാർക്കുണ്ടായതു പോലുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നും പാപ്പ ചൂണ്ടിക്കാട്ടി. എന്നാൽ തളരാതെ, നിരാശയിൽ നിപതിക്കാതെ സത്യത്തിൻറെ ആത്മാവിനെ നമ്മിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ നമുക്ക് നമ്മുടെ അഭിഷേകം നിലനിർത്താൻ സാധിക്കും. വൈദികർ പരിശുദ്ധാത്മാവിൻറെ അഭിഷേകത്തിൻറെ പ്രവാചകരും പൊരുത്തത്തിൻറെ അപ്പോസ്തലന്മാരുമാകണമെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാരൂപിയുടെ അഭിഷേകത്തെ മലിനപ്പെടുത്താതിരിക്കാൻ വൈദികർ ശ്രദ്ധിക്കണമെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.