Life In Christ - 2024

സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താന്‍, ഏക രക്ഷ പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട് ക്രിസ്തുവിന്റെ പാത പിന്തുടരുക: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 12-04-2023 - Wednesday

വത്തിക്കാന്‍ സിറ്റി: സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണെന്നും ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷയെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ 'സാത്താനെതിരെ ഭൂതോച്ചാടകർ' എന്ന പുതിയ പുസ്തകത്തിൽ ഉള്‍പ്പെടുത്തിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിനെ പിന്തുടരുന്നതും, സുവിശേഷ മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതും സാത്താനെ പ്രകോപിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണെന്നും പിശാച് എല്ലാവരെയും അക്രമിക്കുന്നുവെന്നും, സഭയിൽ പോലും ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുന്നത് സാത്താനാണെന്നും പാപ്പ എടുത്തു പറഞ്ഞു.

അർജന്റീനയിലെ തന്റെ മെത്രാനടുത്ത അജപാലന ശുശ്രൂഷ വേളയിൽ ഇത്തരം പിശാചുബാധിതരായ ആളുകളെ കണ്ടുമുട്ടിയ അനുഭവങ്ങളും പാപ്പാ പങ്കുവെച്ചു. കർത്താവിനെ അനുഗമിക്കാനും സുവിശേഷം പറയുന്നതു ചെയ്യാനും ശ്രമിക്കുന്നത് സാത്താനെ അലോസരപ്പെടുത്തുമെന്നും അതേ സമയം, എന്തെങ്കിലും പാപം ചെയ്യുമ്പോൾ അവൻ തീർച്ചയായും സന്തോഷിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. താൻ ഒരിക്കൽ പോലും ഭൂതോച്ചാടനം ചെയ്തിട്ടില്ല. എന്നാല്‍ ഇത് സഭയിൽ ശ്രേഷ്ഠമായ ഒരു അജപാലനദൗത്യമാണ്. എന്നാൽ സാത്താന്റെ ആക്രമണങ്ങൾക്ക് നമ്മുടെ ബലഹീനമായ മാനുഷികത കാരണമാകുന്നതിനാൽ മാര്‍പാപ്പയെന്നോ മെത്രാനെന്നോ വൈദികരെന്നോ, സന്യാസിനികളെന്നോ, വിശ്വാസികളെന്നോ വിവേചനം കൂടാതെ എല്ലാവരും അടിമപ്പെടുന്നുവെന്ന മുന്നറിയിപ്പും ഫ്രാന്‍സിസ് പാപ്പ നൽകി.

മനുഷ്യന്റെ തകർച്ച മാത്രം ആഗ്രഹിക്കുന്ന സാത്താൻ സന്തോഷിക്കുന്നത് നമ്മുടെ പാപങ്ങളിൽ മാത്രമാണെന്നു പാപ്പ അടിവരയിട്ടു. അതിനാൽ പ്രാർത്ഥനയുടെ ജീവിതം മാത്രമാണ് സാത്താനെ പരാജയപ്പെടുത്തുവാനുള്ള ഏക വഴി. തന്റെ പ്രസ്താവനയില്‍ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ പോൾ ആറാമന്റെ വാക്കുകൾ ഉദ്ധരിച്ചു: ''പിശാചിന് ദൈവത്തിന്റെ ആലയത്തിൽ പ്രവേശിക്കാനും ഭിന്നിപ്പുണ്ടാക്കാനും കഴിയും. ഭിന്നിപ്പുകളും ആക്രമണങ്ങളും എപ്പോഴും പിശാചിന്റെ സൃഷ്ടിയാണ്. മനുഷ്യന്റെ ഹൃദയത്തെയും മനസ്സിനെയും ദുഷിപ്പിക്കാൻ അവൻ എപ്പോഴും ശ്രമിക്കുന്നു. ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷ''. തന്റെ സന്ദേശങ്ങളില്‍ നിരവധി തവണ പിശാചിന്റെ സ്വാധീനങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് ഫ്രാന്‍സിസ് പാപ്പ നല്‍കിയിട്ടുണ്ട്.

More Archives >>

Page 1 of 88