News

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

പ്രവാചകശബ്ദം 23-04-2024 - Tuesday

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട ഈ യുവതി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിതയാണ്. ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷെരീൻ യൂസഫ് മാധ്യമ ശ്രദ്ധ നേടുന്നത്. രണ്ട് വർഷം മുമ്പ്, ഇതേ ദിവസം ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തു വിശ്വാസം സ്വീകരിക്കുകയായിരിന്നുവെന്നും വിശുദ്ധവാരത്തില്‍ ഏറെ സന്തോഷവതിയാണെന്നുമുള്ള വാക്കുകളോടെയായിരിന്നു ഷെരീന്‍റെ പോസ്റ്റ്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ശാലോം വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ക്രിസ്തു വിശ്വാസത്തിലേക്കുള്ള തന്റെ ജൈത്രയാത്ര ഷെരീൻ വിവരിച്ചത്.

ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച താന്‍ ഇസ്ലാം മതം പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശക്തമായി പിന്തുടരുന്ന ഒരാളായിരിന്നു. മുത്തശ്ശി തങ്ങളോടൊപ്പം താമസിച്ചിരുന്നതിനാൽ കുട്ടിക്കാലത്ത് തികച്ചും മതവിശ്വാസിയായിരുന്നു. ഇസ്ലാമിലെ ആചാരങ്ങളെ കുറിച്ച് പൂര്‍ണ്ണ അറിവില്ലായിരിന്നുവെങ്കിലും റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്നുവെന്ന് ഷെരീൻ വെളിപ്പെടുത്തി. പിന്നീടുള്ള ജീവിതത്തിൽ, ഏകദേശം 19 വയസ്സുള്ളപ്പോൾ, ചൈനയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചു. മതം ഒട്ടും പിന്തുടരാത്ത തികച്ചും നിരീശ്വരവാദികളായിരിന്നു സഹപാഠികള്‍. ഒരാളുടെ ഐഡന്റിറ്റിക്ക് മതം അനിവാര്യമായ ഘടകമല്ലെന്ന ചിന്തയില്‍ നിരീശ്വരവാദിയാകാൻ തീരുമാനമെടുക്കുകയായിരിന്നുവെന്ന്‍ ഷെരീൻ പറയുന്നു.

നീണ്ട വർഷങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ താന്‍ മുപ്പതു വയസ്സിലേക്ക് പ്രവേശിച്ച നാളുകളില്‍ തന്റെ ഉള്ളിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിന് നൽകാൻ സാധിക്കില്ല എന്ന ബോധ്യത്തില്‍ എത്തിച്ചേര്‍ന്നു. അക്കാലയളവില്‍ പകൽ മുഴുവൻ ഞാൻ നിശബ്ദയായി ഇരുന്നു. ഏതാനും മാസങ്ങൾക്കുശേഷം, എന്റെ മനസ്സിൽ നിന്ന് ഒരു ആന്തരിക ശബ്ദം ഉള്ളിൽ കേൾക്കാൻ തുടങ്ങി. മത വിശ്വാസത്തിലേക്ക് മടങ്ങുക എന്ന ചിന്ത മനസില്‍ ശക്തിപ്രാപിച്ചു. അക്കാലത്ത് എനിക്കറിയാവുന്ന ഒരേയൊരു മതം ഇസ്ലാം മാത്രമായതിനാൽ, വീണ്ടും മുസ്ലീമാകാനും ഇസ്ലാമിനെ കൂടുതൽ ആത്മീയമായി മനസ്സിലാക്കാനും തീരുമാനിക്കുകയായിരിന്നുവെന്ന് ഷെരീൻ പറയുന്നു.

ഇതിനിടെ വെസ്റ്റ് ബംഗാളിലെ ഖരക്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിംഗ് പഠനത്തിന് ഷെരീന്‍ ചേര്‍ന്നിരിന്നു. യഥാര്‍ത്ഥ ആത്മീയത മനസിലാക്കുവാനുള്ള ഷെരീന്‍റെ ചിന്തയ്ക്കും പ്രാര്‍ത്ഥനയ്ക്കുമിടെ അത്ഭുതകരമായ അനുഭവം ഉണ്ടായത് 2020 ഒക്ടോബര്‍ മാസത്തിലായിരിന്നു. ''ഞാൻ പ്രാർത്ഥനയിലായിരിക്കുമ്പോൾ, യേശു എന്നെ വിളിച്ച് 'എന്നെ അനുഗമിക്കൂ' എന്ന് പറയുന്നതായി തോന്നി"യെന്ന് യുവതി പറയുന്നു. അക്കാലത്ത് ''ഇസ്‌ലാമിലെ പ്രമുഖ പ്രവാചകനായി മാത്രമേ എനിക്ക് യേശുവിനെ അറിയാമായിരുന്നു''. അൽപ്പം ആശയക്കുഴപ്പത്തിലായ ഞാൻ അവനോട് ചോദിച്ചു: "എങ്ങനെ?" അപ്പോഴാണ് മദർ തെരേസയുടെ രൂപം എന്റെ മനസ്സിൽ വന്നത്.

താമസം കൊൽക്കത്തയിലായിരിന്നതിനാൽ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു സ്ത്രീയായി മാത്രമേ മദര്‍ തെരേസയെ അറിയാമായിരുന്നുള്ളൂ. മദര്‍ തെരേസ ഒരു കത്തോലിക്കയാണെന്ന് പോലും അറിയില്ലായിരുന്നു. ഒരു മുസ്ലീം മതവിശ്വാസിയായ ഞാൻ, മദര്‍ തെരേസയുടെ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സിനെ കാണാൻ പോയപ്പോൾ, ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചപ്പോള്‍ അവര്‍ക്കുണ്ടായ അത്ഭുതം ഊഹിക്കാവുന്നതേയുള്ളൂവെന്ന് ഷെരീന്‍ പറയുന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സുമായുള്ള ബന്ധം, ദൈവം എന്നോട് എന്ത് ആവശ്യപ്പെട്ടാലും ഞാൻ അവിടുത്തെ ഇഷ്ടം നിറവേറ്റുമെന്ന മനോഭാവത്തിലേക്ക് നയിച്ചു.

എകരക്ഷകനായ ക്രിസ്തുവിനെ അനുഭവിച്ചറിയുവാന്‍ ഷെരീന് മുന്നില്‍ സിസ്റ്റേഴ്സ് കാരണമായി. ക്രൈസ്തവ വിശ്വാസത്തെ ആഴത്തില്‍ മനസിലാക്കുവാന്‍ ആരംഭിച്ച ഷെരീന്‍ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും തുടങ്ങി. വൈകിയില്ല. ദൈവം തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് വിളിക്കുന്നുവെന്ന് ശക്തമായ ബോധ്യത്തില്‍ 2021 ഏപ്രിൽ 3നു ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽവെച്ച് യേശുവിനെ രക്ഷകനുമായി നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിച്ചു. ഇന്ന് ക്രിസ്തുവിന്റെ ധീരപ്രേഷിതയായ ഷെരീന്‍ തന്റെ വിശ്വാസപരിവര്‍ത്തനത്തിന് മുന്‍പും ശേഷവും കടന്നുപോയ, കടന്നുപോകുന്ന അവസ്ഥയും തുറന്നു സാക്ഷ്യപ്പെടുത്തി.

ജീവിതത്തിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ലായിരിന്നു. ജോലിക്ക് വേണ്ടിയായാലും എന്റെ ബന്ധത്തിനായാലും ഞാൻ എപ്പോഴും എന്നെത്തന്നെ ആശ്രയിച്ചിരുന്നു. ഇപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യുന്നു. എന്റെ അബ്ബ എന്നെ പരിപാലിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയെക്കുറിച്ച് ഇപ്പോള്‍ വിഷമിക്കുന്നില്ല. തന്റെ കർത്താവിനായി ഒരു ജീവിതം നയിക്കാൻ ശ്രമിക്കുകയാണ്. തന്റെ ഒഴിവുസമയങ്ങളെല്ലാം വിശുദ്ധ ബൈബിള്‍ വായിക്കാൻ ശ്രമിക്കുന്നുണ്ട്. കത്തോലിക്കയാകുന്നതിന് മുമ്പ്, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഞാൻ മണിക്കൂറുകളോളം നിശബ്ദത പാലിക്കാറുണ്ടായിരുന്നു.

ബൈബിളുമായി സമയം ചിലവഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ, അവിടുത്തെ വചനം കേൾക്കാൻ എനിക്ക് ഇനി ഇത്രയും നിശ്ശബ്ദതയുടെ ആവശ്യമില്ലെന്ന് ഞാൻ മനസ്സിലാക്കി, കാരണം അവിടുത്തെ വചനം എല്ലായ്‌പ്പോഴും ഓരോ നിമിഷത്തിലും ഒപ്പമുണ്ടെന്നും ഈ യുവതി പറയുന്നു. ഇന്ന്‍ പ്രമുഖ ബ്രീത്തിങ് കോച്ച് എന്ന പ്രശസ്തിക്കു നടുവിലും ക്രിസ്തുവാണ് തന്റെ ഹീറോയെന്ന്‍ തുറന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ യുവതി. ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള ശക്തി തുടർന്നും ലഭിക്കാൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഷെരീന്‍ അഭ്യര്‍ത്ഥിച്ചിരിന്നു.

- Originally Published on 12th April 2023.

** Repost.

Tag: Islam to Christianity Conversion, SHEREEN YUSUFF: FROM ISLAM TO CATHOLICISM! Malayalam testiomony Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 835