News - 2024

ഫ്രാന്‍സിസ് പാപ്പയുടെ ഇത്തവണത്തെ പെസഹ ശുശ്രൂഷ ജുവനൈല്‍ ജയിലില്‍; പാപ്പ യുവതടവുകാരുടെ പാദങ്ങള്‍ കഴുകും

പ്രവാചകശബ്ദം 04-04-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത വിനയത്തിന്റെ അതുല്യ മാതൃക അനുസ്മരിച്ചുക്കൊണ്ട് പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഫ്രാന്‍സിസ് പാപ്പ ജയില്‍ അന്തേവാസികളുടെ പാദങ്ങള്‍ കഴുകും. റോമിലെ കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലാണ് ഇക്കൊല്ലത്തെ പെസഹാദിന ശുശ്രൂഷകള്‍ക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് പുറമേ, ജയില്‍ അന്തേവാസികളായ 12 യുവതടവുകാരുടെ പാദങ്ങളും പാപ്പ കഴുകും.

മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2013-ല്‍ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസങ്ങള്‍ക്ക് ശേഷം മാര്‍പാപ്പയെന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പെസഹാദിന ശുശ്രൂഷ നടത്തിയതും വത്തിക്കാന്‍ സിറ്റിയില്‍ നിന്നും 11 മൈല്‍ അകലെയുള്ള കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലില്‍ തന്നെയാണ്. 2013-ല്‍ പാപ്പ പാദം കഴുകിയ യുവതടവുകാരില്‍ രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

റോമില്‍ നിന്നും 50 മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സിവിതാവെക്കിയ എന്ന തുറമുഖനഗരത്തിലെ ജയിലില്‍വെച്ചായിരുന്നു കഴിഞ്ഞ വര്‍ഷത്തേ ഫ്രാന്‍സിസ് പാപ്പയുടെ പെസഹാദിന ശുശ്രൂഷകള്‍. ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കെ തന്നെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ എല്ലാം തന്നെ പാപ്പ പ്രധാനകാര്‍മ്മികനാകുമെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

More Archives >>

Page 1 of 834