News

ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു

പ്രവാചകശബ്ദം 15-04-2023 - Saturday

ഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമണങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആശങ്ക രേഖപ്പെടുത്തി. ഏപ്രിൽ പതിമൂന്നാം തീയതി രാഷ്ട്രപതി ഭവനിൽ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രൗപതി മുർമു തന്റെ ആശങ്ക പങ്കുവെച്ചത്. മെത്തഡിസ്റ്റ്, പ്രൊട്ടസ്റ്റന്റ് മേലദ്ധ്യക്ഷന്മാരും, മൈക്കിൾ വില്യംസ്, ടെഹ്മിന അറോറ തുടങ്ങിയ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകളും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിൽ ഇരിക്കുന്നയാൾ എന്ന നിലയിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ നടപടിയുണ്ടാകുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന പീഡനങ്ങൾ അരമണിക്കൂർ നീണ്ട ചർച്ചയിൽ ക്രൈസ്തവ പ്രതിനിധി സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ സംബന്ധിക്കുന്ന വാർത്തകൾ താൻ വായിക്കാറുണ്ടെന്നും, എന്നാൽ ഏതാനും ചില ആളുകൾ മാത്രമാണ് ഇതിന് പിന്നിലെന്ന് താൻ വിശ്വസിക്കുന്നതായും ദ്രൗപതി മുർമു മറുപടിയായി പറഞ്ഞു. ക്രൈസ്തവിരുദ്ധ പീഡനങ്ങളുടെ കണക്കുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം 2022ൽ 21 സംസ്ഥാനങ്ങളിലായി 598 ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളാണ് നടന്നത്.

ഈ വർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ 187 ക്രൈസ്തവ വിരുദ്ധ അക്രമണങ്ങൾ നടന്നു. ഭയപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണം, ലൈംഗിക പീഡനം, ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു. ജീവനും, സ്വത്തിനും ഭീഷണിയില്ലാതെ ക്രൈസ്തവ വിശ്വാസത്തിൽ വിശ്വസിക്കാനും, മതവിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ, ദേശീയ, സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണമെന്ന് ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവർക്കെതിരെയുള്ള കള്ളക്കേസുകൾ അവസാനിപ്പിക്കണം, നിയമവിരുദ്ധമായി പൊളിച്ചു കളഞ്ഞ ദേവാലയങ്ങൾ പുനർ നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങളും ക്രൈസ്തവ നേതാക്കൾ മുന്നോട്ടുവെച്ചു.

ഒഡീഷയിൽ ആയിരുന്ന നാളുകളിൽ കത്തോലിക്കാ സന്യാസിനികളോടൊപ്പം സേവനം ചെയ്യാൻ തനിക്ക് സാധിച്ച നാളുകൾ രാഷ്ട്രപതി ദ്രൗപതി മുർമു സ്മരിച്ചു. 1999ൽ തീവ്ര ഹിന്ദുത്വവാദികൾ ക്രൂരമായി കൊല ചെയ്ത ഗ്രഹാം സ്റ്റയിൻസിന്റെ കൊലപാതകത്തിലുള്ള വേദനയും രാഷ്ട്രപതി പങ്കുവെച്ചു. ഗ്രഹാം സ്റ്റയിൻസിനെ അദ്ദേഹത്തിൻറെ രണ്ട് ആൺമക്കളോടൊപ്പമാണ് കൊലപ്പെടുത്തിയത്. ഗ്രഹാം സ്റ്റയിൻസിന്റെ കുടുംബം തന്റെ അയൽക്കാരായിരുന്നുവെന്ന് പറഞ്ഞ ദ്രൗപതി മുർമു, അവരെ രക്ഷപ്പെടുത്താൻ അന്ന് ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെ നിസ്സഹായവസ്ഥയും പങ്കുവെച്ചു. 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ക്രൈസ്തവർക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന അക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

More Archives >>

Page 1 of 836