News - 2024

2023-ലെ ആദ്യ മൂന്ന് മാസത്തിനിടെ അമേരിക്കയിൽ ആക്രമണത്തിന് ഇരയായത് 69 ക്രൈസ്തവ ദേവാലയങ്ങൾ

പ്രവാചകശബ്ദം 14-04-2023 - Friday

വാഷിംഗ്ടണ്‍ ഡി‌സി: ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ 69 ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലി റിസർച്ച് കൗൺസിലാണ് 'ഹോസ്റ്റിലിറ്റി എഗൈൻസ്റ്റ് ചർച്ചസ്' എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം ജനുവരി മാസമാണ് ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടന്നത്. ജനുവരി മാസത്തില്‍ മാത്രം 43 തവണയാണ് ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി മാസത്തില്‍ പതിനാലും, മാർച്ച് മാസത്തില്‍ 12 തവണ വീതവും ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അമേരിക്കയില്‍ ആദ്യമായിട്ടാണ് ഇത്രയും അനിഷ്ട സംഭവങ്ങൾ വർഷത്തിന്റെ ആദ്യത്തെ മൂന്നുമാസം നടക്കുന്നത്. ഫാമിലി റിസർച്ച് കൗൺസിൽ റിപ്പോർട്ട് അനിഷ്ട സംഭവങ്ങളെ അഞ്ചായിട്ടാണ് തിരിച്ചിരിക്കുന്നത്. തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ബോംബ് ഭീഷണി അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നുണ്ട്. നോർത്ത് കരോളിനയാണ് ഏറ്റവും കൂടുതൽ അനിഷ്ട സംഭവങ്ങൾ നടന്ന സംസ്ഥാനം. 2018 നവംബർ മാസം മുതൽ 2022 ഡിസംബർ മാസം വരെ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ഡിസംബർ മാസത്തില്‍ ഫാമിലി റിസർച്ച് കൗൺസിൽ പുറത്തു വിട്ടിരുന്നു.

More Archives >>

Page 1 of 835