News - 2024

സുഡാന് വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 17-04-2023 - Monday

വത്തിക്കാന്‍ സിറ്റി: സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപം ശക്തമായ പശ്ചാത്തലത്തില്‍ രാജ്യത്തിന് വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ച് ഫ്രാൻസിസ് പാപ്പ. രാജ്യത്തിന്റെ എതിരാളികളായ സൈനിക വിഭാഗങ്ങൾ ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനം പിന്തുടരാൻ ഇന്നലെ ഞായറാഴ്ച പാപ്പ പറഞ്ഞു. സുഡാനിൽ നടക്കുന്ന സംഭവങ്ങളെ ആശങ്കയോടെ നോക്കികാണുന്നതെന്നും സുഡാനീസ് ജനതയുമായി താന്‍ ഐക്യത്തിലാണെന്നും ആയുധം താഴെ വെച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാത ഉയർത്താൻ വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഉയിര്‍പ്പുകാല ജപം ചൊല്ലിയതിന് ശേഷമാണ് ആഫ്രിക്കന്‍ രാജ്യത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥന യാചിച്ചത്.

അതേസമയം സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിനിടെ മരിച്ച സാധാരണക്കാരുടെ എണ്ണം 56 ആയി. അറുനൂറിൽപരം ആളുകള്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ജനങ്ങളോടു വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നു നിർദേശം നൽകിയിരിക്കുകയാണ്. ഗതാഗതം പൂർണമായി നിലച്ചു. വ്യോമാക്രമണം ശക്തമായ സാഹചര്യത്തിൽ സുഡാനിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.

2021 ഒക്ടോബറിലെ ഭരണകൂട അട്ടിമറിക്കു പിന്നാലെ സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത് സൈനിക ജനറൽമാരുടെ കൗൺസിലാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ടു ജനറൽമാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനില്‍ നിലവില്‍ ഉടലെടുത്തിരിക്കുന്ന സംഘർഷത്തിനു കാരണം. സൈന്യത്തലവനും നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്യുന്ന ജനറൽ അബ്ദുൽ ഫത്താ അൽ-ബുർഹാനും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ തലവനും ബുർഹാൻ ഡപ്യൂട്ടിയുമായ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും (ഹെമെഡ്റ്റി) തമ്മിലാണു പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 3നു സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ ദക്ഷിണ സുഡാനില്‍ സന്ദര്‍ശനം നടത്തിയിരിന്നു.

More Archives >>

Page 1 of 836