India - 2025
വീടിനു പുറത്തിറങ്ങാൻ പോലും ജനങ്ങൾക്ക് ഭീതിയായ സാഹചര്യം; വന്യമൃഗ ശല്യത്തില്‍ അടിയന്തര നടപടി വേണമെന്ന്‍ മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 20-05-2023 - Saturday
കാഞ്ഞിരപ്പള്ളി: വീടിനുള്ളിൽ കയറി മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങാൻ പോലും ജനങ്ങൾക്ക് ഭീതിയായിരിക്കുന്ന സാഹചര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളിക്കടുത്ത് മൂന്നുപേരെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവം അങ്ങേയറ്റം വേദനാകരവും പ്രതിഷേധാർഹവുമാണ്. കാട്ടിൽ പെരുകി നിറഞ്ഞ മൃഗങ്ങൾ നാട്ടിൽ സ്ഥിരവാസമാക്കുന്ന സാഹചര്യം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളി തന്നെയാണ്. വിദേശ രാജ്യങ്ങളിലേതുപോലെ നിശ്ചി തസമയങ്ങളിൽ നായാട്ടിലൂടെ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന സംവിധാനം ഇവിടെയും അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കർഷകരെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ കാട്ടിൽ ഒതുക്കുകയോ പെരുകൽ നിയന്ത്രിക്കുകയോ ചെയ്യുന്നതിൽ സർക്കാർ ഒരുനിമിഷം പോലും വൈകിക്കൂട. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടി കൃഷി അപ്പാടെ ഉപേക്ഷിക്കുകയോ നാടുവിടുകയോ ചെയ്ത കർഷകരും നിരവധിയാണ്. കണമല, തുലാപ്പള്ളി പ്രദേശങ്ങളിൽ കുടിയിരുത്തപ്പെട്ട ജനസമൂഹമാണ് അതിജീവനത്തിനായി കേഴുന്നത്. സമാനമായ സാഹചര്യമാണ് കോരുത്തോട്ടിലും പമ്പയിലും പെരുവന്താനത്തും ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലും കേരള ത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ നേരിടുന്നത്. മലയോരമേഖലയിൽ വന്യമൃഗങ്ങൾ കർഷകരെ ആക്രമിച്ചതിലും കൃഷി വകകൾ ന ഷ്ടപ്പെടുത്തിയതിലും അർഹമായ നഷ്ടപരിഹാരം ഒരിടത്തും വിതരണം ചെയ്തിട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.