News
നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി പതിവ്, നടക്കുന്നത് ഇസ്ലാമികവത്ക്കരണം: സാഹചര്യം വിവരിച്ച് ബിഷപ്പ് വില്‍ഫ്രഡ് അനാഗ്ബെ
പ്രവാചകശബ്ദം 20-06-2023 - Tuesday
ബെന്യൂ/ വാഷിംഗ്‌ടണ്‍ ഡി.സി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനവും, കൊലപാതകങ്ങളും നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് നൈജീരിയയിലെ ബെന്യു സംസ്ഥാനത്തിലെ മാകുര്‍ഡി രൂപതാധ്യക്ഷന്‍ ബിഷപ്പ് വില്‍ഫ്രഡ് അനാഗ്ബെ. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെത്രാന്‍ നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളെ കുറിച്ച് വിവരിച്ചത്. ദുഃഖവെള്ളിയാഴ്ച ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികള്‍ നൂറോളം ക്രൈസ്തവരായ കൃഷിക്കാരുടെ അഭയകേന്ദ്രമായിരുന്ന എലിമെന്ററി സ്കൂള്‍ കെട്ടിടം ആക്രമിച്ച് 43 പേരെ കൊലപ്പെടുത്തുകയും, നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ ആ വീഡിയോ കാണുകയാണെങ്കില്‍ വിതുമ്പിപ്പോകുമെന്നും അവര്‍ വന്ന് എല്ലാവരേയും കൂട്ടക്കുരുതി ചെയ്യുകയായിരിന്നുവെന്നും ബിഷപ്പ് അനാഗ്ബെ പറഞ്ഞു.
ഇത്രയും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു അറസ്റ്റും നടന്നിട്ടില്ല. സര്‍ക്കാരാണെങ്കില്‍ ഇതിനെതിരെ യാതൊരു നടപടിയും കൈകൊള്ളുന്നില്ല. നൈജീരിയ അമേരിക്കയേപ്പോലെയല്ല, ഇവിടെ നിങ്ങള്‍ക്ക് സംസ്ഥാന പോലീസുണ്ട്. എന്നാല്‍ ബെന്യു സംസ്ഥാനത്തില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് രാജ്യ തലസ്ഥാനത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും വിളി വന്നാലെ പോലീസ് അനങ്ങുകയുള്ളൂ. ഇസ്ലാമിക അജണ്ട നടപ്പിലാക്കുവാനുള്ള ശ്രമങ്ങളാണ് നൈജീരിയയില്‍ നടന്നുവരുന്നത്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, ഇസ്ലാമിക് സ്റ്റേറ്റിന്റെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യാ വിഭാഗവും ക്രിസ്ത്യാനികള്‍ക്കു എതിരെയുള്ള ആക്രമണങ്ങള്‍ പതിവാക്കിയിരിക്കുകയാണെന്നും ബിഷപ്പ് അനാഗ്ബെ പറഞ്ഞു.
60 ലക്ഷത്തോളം ജനസംഖ്യയുള്ള ബെന്യു സംസ്ഥാനത്തിലെ ജനങ്ങളില്‍ 99%വും ക്രൈസ്തവരാണെന്നും മെത്രാന്‍ പറഞ്ഞു. 2022-ന്റെ തുടക്കം മുതല്‍ ബെന്യു സംസ്ഥാനത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നൂറ്റിനാല്‍പ്പതോളം ആക്രമണങ്ങളാണ് നടന്നത്. 591 പേര്‍ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്തില്‍ മാത്രം 15 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിരിക്കുകയാണ്. 1989-ലെ അബൂജ പ്രഖ്യാപനത്തില്‍ നൈജീരിയ ഒരു ഇസ്ലാമിക രാഷ്ട്രമായിരിക്കണമെന്നാണ് പറയുന്നത്, അതാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മെത്രാന്‍ വിവരിച്ചു.
തനിക്ക് പതിമൂന്നോളം ഇടവകകള്‍ നഷ്ടമായി. എന്നാല്‍ ഈ അതിക്രമങ്ങള്‍ക്കൊന്നും വിശ്വാസികളുടെ ക്രിസ്തു വിശ്വാസത്തെ ഇളക്കുവാന്‍ കഴിഞ്ഞിട്ടില്ല. രക്തസാക്ഷികളുടെ രക്തം ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തായി മാറിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് നൈജീരിയയിലാണെന്നു പറഞ്ഞ മെത്രാന്‍, ഒരു ദിവസം അക്രമപരമ്പര അവസാനിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. നിരാലംബരായ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്നു അമേരിക്കന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മെത്രാന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. അതേസമയം ഇക്കഴിഞ്ഞ ശനിയാഴ്ച നൈജീരിയയിലെ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികയായിരിന്ന യുവ മിഷ്ണറി വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി.