News - 2024

കത്തോലിക്ക സന്യാസിനികളെ മഠത്തിൽ നിന്ന് പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടം

പ്രവാചകശബ്ദം 05-07-2023 - Wednesday

മനാഗ്വേ: കത്തോലിക്ക സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നു പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ പുതിയ അതിക്രമം. ജൂലൈ രണ്ടാം തീയതിയാണ് ഫ്ലാറ്റേർനിഡാഡ് പോമ്പ്രസ് ഡി ജിസു ക്രിസ്റ്റോ ഫൗണ്ടേഷൻ (ദ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ ഫ്രറ്റേർണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ്) സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നും സർക്കാർ പുറത്താക്കിയത്. പുറത്താക്കപ്പെട്ട സന്യാസിനികൾ എൽ സാൽവഡോർ എന്ന അയൽ രാജ്യത്തേക്കു മടങ്ങി. ഇനി അവിടെ പാവങ്ങളുടെ ഇടയിൽ സേവനം ചെയ്യുവാനാണ് ഇവരുടെ തീരുമാനം. ഇവരുടെ നിയമപരമായ പ്രവർത്തന അവകാശവും നിക്കാരാഗ്വേയിലെ സർക്കാർ റദ്ദാക്കി കഴിഞ്ഞു.

ആർട്ടിക്കിൾ 66 എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരവ് ചെലവ് കണക്കുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്തില്ല എന്ന കുറ്റമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം. പിടിച്ചെടുത്ത സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടു കെട്ടുന്നത് അറ്റോർണി ജനറലിന്റെ ഉത്തരവാദിത്വമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സന്യാസിനികളെ ലക്ഷ്യംവെച്ചത് സ്വേച്ഛാധിപത്യ നടപടിയായിരുന്നുവെന്നും, ഇപ്പോൾ അവരുടെ സ്വത്ത് കണ്ടുകെട്ടിയത് അതിന്റെ തന്നെ ഭാഗമാണെന്നും "നിക്കരാഗ്വേ, എ പെർസിക്യൂട്ടഡ് ചർച്ച്?" എന്ന പുസ്തകം എഴുതിയ മാർത്താ പട്രീഷ്യ എസിഐ പ്രൻസാ എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു.

സ്വത്തുവകകൾ പിടിച്ചെടുക്കുന്നത് രാജ്യത്തെ ഭരണഘടനാ പ്രകാരം നിയമവിരുദ്ധമാണെന്നും, എന്നാൽ 1980കളിലെതുപോലെ ഏകാധിപത്യ സർക്കാരിന്റെ കീഴിൽ ഈ പ്രവണത സർവ്വസാധാരണമായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ദ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ ഫ്രറ്റേർണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റിലെ അംഗങ്ങൾ 2016 ലാണ് ബ്രസീലിൽ നിന്നും നിക്കരാഗ്വേയിലേക്ക് എത്തിയത്. കോസ്റ്ററിക്ക, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്. ഒരു വർഷം മുമ്പാണ് മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ രാജ്യത്തുനിന്നും ഭരണകൂടം പുറത്താക്കിയത്. അവരെ പിന്നീട് കോസ്റ്ററിക്കയിലെ ഒരു കത്തോലിക്കാ രൂപത സ്വീകരിച്ചിരുന്നു.


Related Articles »