News

ലോക യുവജന സംഗമത്തിനു തീര്‍ത്ഥാടകര്‍ക്കായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചവരില്‍ തടവുപുള്ളിയും

പ്രവാചകശബ്ദം 10-07-2023 - Monday

ലിസ്ബണ്‍: മയക്കമരുന്ന്‍ കടത്തിയ കുറ്റത്തിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പോര്‍ച്ചുഗലില്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിനായി 50 കുമ്പസാര കൂടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പെഡ്രോ സില്‍വ എന്ന അന്‍പതുകാരന്‍ ശ്രദ്ധ നേടുന്നു. ലോക യുവജനദിനത്തില്‍ വോളണ്ടിയറായി പങ്കെടുത്തുകൊണ്ട് 'ബെലെം' (ബെത്ലഹേം) എന്നറിയപ്പെടുന്ന അനുരജ്ഞന പാര്‍ക്കില്‍ കുമ്പസാര കൂടുകള്‍ സജ്ജീകരിക്കുന്നതില്‍ സഹായിക്കുകയാണ് താന്‍ മോചിതനായാല്‍ ആദ്യമായി ചെയ്യുന്ന കാര്യമെന്നു പെഡ്രോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് ജയിലില്‍വെച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ദൈവം എപ്പോഴും എന്റെ ഒപ്പം ഉണ്ടായിരുന്നെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു, ദൈവം നമ്മളെ ഉപേക്ഷിക്കുകയില്ല, അതിനാല്‍ നമുക്ക് പ്രതീക്ഷ കൈവിടുവാന്‍ കഴിയുകയില്ല” - പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ ആഹ്ളാദത്തോടെ പെഡ്രോ പറഞ്ഞു. പില്‍ക്കാലത്ത് ബെലെമിലെ ജെറോണിമോസ് ആശ്രമ ദേവാലയത്തില്‍വെച്ചാണ് പെഡ്രോ മാമോദീസ സ്വീകരിച്ചത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും പെഡ്രോക്ക് ദേവാലയവുമായി അടുത്ത ബന്ധമൊന്നും ഉണ്ടായിരുന്നില്ല. താനൊരു പ്രശ്നക്കാരനായിരുന്നുവെന്ന് സമ്മതിച്ച പെഡ്രോ, പ്രായപൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീനയിലെത്തിയ തനിക്ക് അന്ന് കര്‍ദ്ദിനാള്‍ ആയിരുന്ന ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൊയിംബ്രാ ജയിലില്‍ ആറു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പെഡ്രോ ലോക യുവജനദിനത്തെക്കുറിച്ച് കേള്‍ക്കുന്നത്. കുമ്പസാര കൂടുകള്‍ നിര്‍മ്മിക്കുവാന്‍ നിയോഗിക്കപ്പെട്ട 5 പേരില്‍ പെഡ്രോ കൂടി ചേര്‍ക്കപ്പെടുകയായിരിന്നു. ജയില്‍ പുള്ളികളുടെ തൊഴില്‍പരമായ കഴിവുകള്‍ക്ക് മൂല്യം നല്‍കിക്കൊണ്ട് അവരെ സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ലോകയുവജന ദിനത്തിന്റെ സംഘാടകരും, ഫൗണ്ടേഷന്‍ ആന്‍ഡ് ദി ഡയറക്ടറേറ്റ്-ജനറല്‍ ഫോര്‍ റിഇന്‍സെര്‍ഷന്‍ ആന്‍ഡ്‌ പ്രിസണ്‍ സര്‍വീസസും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ലോക യുവജന ദിനത്തിന് വേണ്ട 150 കുമ്പസാര കൂടുകളും കൊയിംബ്രാ, പാക്കോസ് ഡെ ഫെറേര, ഒപ്പോര്‍ട്ടോ തുടങ്ങിയ ജയിലുകളിലാണ് നിര്‍മ്മിച്ചത്.

ഈ കുമ്പസാര കൂടുകള്‍ ഓഗസ്റ്റ് 1 മുതല്‍ 4 വരെ പ്രവര്‍ത്തിക്കുന്ന ബെലെം അനുരജ്ഞന പാര്‍ക്കിലേക്ക് അയക്കുവാന്‍ തയ്യാറാക്കി കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നു വിവിധ ഭാഷകളില്‍ വൈദികര്‍ ഇവിടെ കുമ്പസാരിപ്പിക്കും. ഓഗസ്റ്റ് 1 മുതല്‍ 6 വരെ നടക്കുന്ന 2023 ലോക യുവജന ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 4-ന് രാവിലത്തെ സെഷനില്‍ ഫ്രാന്‍സിസ് പാപ്പയും കുമ്പസാരിപ്പിക്കുന്നുണ്ട്.

Tag: From prison to World Youth Day: Man builds 50 confessionals to be used for pilgrims, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »