News
മെല്‍ക്കൈറ്റ് ഗ്രീക്ക് സഭ റോമന്‍ സഭയുമായി ഐക്യപ്പെട്ടതിന് 300 വര്‍ഷം തികയുന്നു
പ്രവാചകശബ്ദം 13-07-2023 - Thursday
റാബൌ: ‘എല്ലാ ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഐക്യം’ എന്ന പ്രമേയവുമായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ റോമന്‍ സഭയുമായി ചേര്‍ന്നതിന്റെ മുന്നൂറാമത് ജൂബിലി വര്‍ഷം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍. “ഗ്രീക്ക്-മെല്‍ക്കൈറ്റ് കത്തോലിക്കാ സഭ : ഒരു സഭാപരമായ യാത്ര 1724-2024” എന്ന തലക്കെട്ടോടെയാണ് ജൂലൈ 11-ന് ലെബനോനിലെ റാബൌവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യോസെഫ് അബ്സി പുറത്തുവിട്ടത്.
അപ്പസ്തോലന്മാരായ പത്രോസ് സ്ഥാപിക്കുകയും, പൗലോസ് ഉള്‍പ്പെടുകയും ചെയ്യുന്ന അന്ത്യോക്യന്‍ സഭയുടെ ചരിത്രത്തേക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആദ്യ കാലം മുതല്‍ക്കേ ദൈവശാസ്ത്രപരമായ പല ചിന്തകളും സഭാ സമൂഹങ്ങളെ വിഭജിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ്, പതിനേഴാം നൂറ്റാണ്ടില്‍ മധ്യപൂര്‍വ്വേഷ്യയില്‍ പാശ്ചാത്യ കത്തോലിക്കാ മിഷ്ണറിമാര്‍ ഇത്തരം വിഭജനങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുകയും, അന്ത്യോക്യന്‍ പാത്രിയാര്‍ക്കേറ്റിനേയും റോമന്‍ സഭയെയും ഐക്യപ്പെടുത്തുകയുമായിരിന്നുവെന്നും അനുസ്മരിച്ചു.
ഓരോ പിളര്‍പ്പും അതിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുകയും വേദനാജനകമായ പിരിമുറുക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു, ഇതൊക്കെയാണെങ്കിലും, അന്ത്യോക്യയിലെ സഭകള്‍ ക്രിസ്തീയ വിശ്വാസം സംരക്ഷിക്കുക എന്ന അവരുടെ ദൗത്യം നിറവേറ്റി. പ്രതിസന്ധി നിറഞ്ഞ എല്ലാ നിര്‍ണ്ണായക നിമിഷങ്ങളെയും അവര്‍ തരണം ചെയ്തു. കര്‍ത്താവിന്റെ കൃപയാല്‍ ഇന്ന്, നമ്മുടെ സഭയും സഹോദര സഭകളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിന്റേയും, സാഹോദര്യപരമായ സ്നേഹത്തിന്റേയും, സഹകരണത്തിന്റേയും, ഒരേ സുവിശേഷ സേവനത്തിന്റേയും അടിസ്ഥാനത്തില്‍ തുടരുകയാണ്.
പലപ്പോഴും വിവിധ സഭാ വിശ്വാസികള്‍ ഒരേ ഭവനത്തില്‍ ഒരുമിച്ച് ക്രിസ്തുവിലുള്ള തങ്ങളുടെ സാക്ഷ്യം പങ്കുവെക്കുന്നുണ്ടെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. നവംബര്‍ 11-ന് ഡമാസ്കസിലെ ഔര്‍ ലേഡി ഓഫ് ഡോര്‍മീഷന്‍ പാട്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ വെച്ച് പാത്രിയാര്‍ക്കീസ് യൂസഫ് അബ്സി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. വിശുദ്ധ കുര്‍ബാന, പഠന ശിബിരങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചരിത്രപരവും ദൈവശാസ്ത്രപരവും സഭാപരവുമായ പഠനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മധ്യപൂര്‍വ്വേഷ്യയിലെ മെല്‍ക്കൈറ്റ് സമൂഹങ്ങളുടെ ആത്മീയവും, കലാപരവുമായ പൈതൃകത്തിന്റെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കും. പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭക്ക് കീഴിലുള്ളത്.