India - 2024
മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കും
പ്രവാചകശബ്ദം 04-09-2023 - Monday
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വത്തിക്കാൻ സന്ദർശനം നടത്തുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അതിഥിയായാണ് കാതോലിക്ക ബാവ വത്തിക്കാനിലെത്തുന്നത്. ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സൗഹൃദ ചർച്ചകളും 11നാണ് നടക്കുക. റഷ്യൻ സന്ദർശനത്തിന് ശേഷം ഒന്‍പതിന് ഉച്ചകഴിഞ്ഞ് 1.30ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബാവയെ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിസംഘം സ്വീകരിക്കും. വത്തിക്കാനിൽ മാർപാപ്പയുടെ വസതിയായ സാന്ത മാർത്തയിൽ തന്നെയാണ് കാതോലിക്കാ ബാവയുടെ താമസവും ക്രമീകരിച്ചിരിക്കുന്നത്.
അന്ന് വൈകുന്നേരം ആറിന് ബാവ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തും. 10നു രാവിലെ ഒമ്പതിനു റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളിയിൽ കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് റോമിലെ മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും നടക്കും. വൈകുന്നേരം ആറിന് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കൽ യോഗത്തിലും ബാവ പങ്കെടുക്കും.