News - 2024
'പിതാവേ ഐഎസിന്റെ മേല്‍ കരുണയായിരിക്കേണമേ...'; ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ക്രിസ്റ്റീനയുടെ പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 09-08-2016 - Tuesday
ഡിട്രോയിറ്റ്: ഐഎസ് തീവ്രവാദികള്‍ തന്റെ ബന്ധുക്കളില്‍ ഭൂരിഭാഗത്തേയും പലപ്പോഴായി കൊന്നൊടുക്കിയിട്ടും അവരോട് ക്ഷമിക്കുകയും അവര്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി. ഇറാഖില്‍ നിന്നും അഭയാര്‍ത്ഥിയായി യുഎസില്‍ എത്തിയ ക്രിസ്റ്റീന ഷാബോയാണ് തന്റെ ബന്ധുക്കളില്‍ പലരേയും കൊലപ്പെടുത്തിയ ഐഎസ് തീവ്രവാദികളോട് ക്ഷമയുടെയും പ്രാര്‍ത്ഥനയുടെയും മാതൃക ലോകത്തിന് മുന്നില്‍ പങ്ക് വെച്ചത്.
നേരത്തെ ക്രാക്കോവില്‍ നടന്ന ലോകയുവജനദിന സമ്മേളനത്തില്‍ ക്രിസ്റ്റീന ഷാബോ തന്റെ സാക്ഷ്യം ആയിരകണക്കിന് ആളുകളുടെ മുന്നില്‍ പങ്ക് വെച്ചിരിന്നു. ദിവ്യകാരുണ്യ നാഥനോട് എല്ലായ്‌പ്പോഴും ഷാബോയ്ക്കുള്ള ഏക പ്രാര്‍ത്ഥന, തന്റെ മാതൃരാജ്യമായ ഇറാഖിനെ ശൂന്യമാക്കിയ, തന്റെ ബന്ധുക്കളെ നിഷ്‌കരണം കൊന്നൊടുക്കിയ ഐഎസ് തീവ്രവാദികള്‍ മാനസാന്തരത്തിന്റെ അനുഭവത്തിലേക്ക് വരണമെന്നതാണ്.
ക്രിസ്റ്റീന ഷാബോ എന്ന 25-കാരിയുടെ ജീവിതം തന്നെ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ യുദ്ധ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഗള്‍ഫ് യുദ്ധത്തിന്റെ കാലത്ത് ഇറാഖില്‍ നിന്നും തുര്‍ക്കിയിലേക്ക് ക്രിസ്റ്റീനയുടെ കുടുംബം പലായനം ചെയ്തിരുന്നു. ഈ സമയം എട്ടു മാസം മാത്രം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവായിരിന്നു ക്രിസ്റ്റീന. ക്രൈസ്തവരായ ക്രിസ്റ്റീനയുടെ കുടുംബം മുഴുവനും കുത്തനെയുള്ള മലകള്‍ താണ്ടി തുര്‍ക്കിയിലേക്കു കാല്‍നടയായി നീങ്ങി. ബോംബുകള്‍ തുടര്‍ച്ചയായി വന്ന് വീഴുന്ന നിരവധി മലനിരകള്‍ അവര്‍ പിന്നിട്ടു. ഇതിനിടയില്‍ ക്രിസ്റ്റീനയുടെ ഒരു ബന്ധുവിന്റെ മകള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
"റീത്ത എന്നായിരുന്നു അവളുടെ പേര്. എട്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ഞങ്ങളുടെ കുടുംബം പലായനം ചെയ്യുന്ന സമയത്തുണ്ടായ ആ മരണം എല്ലാവരേയും മാനസികമായി തകര്‍ത്തു കളഞ്ഞു. റീത്തയുടെ അപ്പന്‍ അവളെ ആ മലയിടുക്കുകളില്‍ സംസ്‌കരിക്കുവാന്‍ ഒരുക്കമല്ലായിരുന്നു. കുഞ്ഞു റീത്തയുടെ മൃതശരീരം വഹിച്ച് ആ പിതാവ് തുര്‍ക്കി വരെ നടന്നു. തുര്‍ക്കിയില്‍ എത്തിയ ശേഷം ഒരു അഭയാര്‍ത്ഥി ക്യാമ്പിനു സമീപമുള്ള മരത്തിന്റെ ചുവട്ടിലാണ് റീത്തയെ സംസ്‌കരിച്ചത്. ഒരു മാസത്തിന് ശേഷം എന്റെ അമ്മ എന്നെ പ്രസവിച്ചത് ഇതേ മരത്തിന്റെ ചുവട്ടില്‍ വച്ചാണ്". ക്രിസ്റ്റീന ഷാബോ തന്റെയും കുടുംബത്തിന്റെയും ജീവിതം കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ തുറന്നു.
തുര്‍ക്കിയില്‍ നിന്നും ക്രിസ്റ്റീനയുടെ കുടുംബത്തിന് യുഎസിലെ ഡിട്രോയിറ്റിലേക്ക് അഭയാര്‍ത്ഥികളായി കടക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ ഭൂരിപക്ഷം വരുന്ന ബന്ധുക്കളും ഇറാഖില്‍ തന്നെ തുടര്‍ന്നു. അവര്‍ക്ക് ആ രാജ്യത്തു നിന്നും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകുവാന്‍ കഴിഞ്ഞില്ല. 2014-ന് ശേഷം ഐഎസ് നടത്തുന്ന ക്രൂരതയെ കുറിച്ചും ക്രിസ്റ്റീന വിവരിച്ചു. തന്റെ ഒരു ബന്ധുവിനെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഐഎസ് തീവ്രവാദികള്‍ വധിക്കുകയും ശരീരം കഷ്ണങ്ങളായി വെട്ടിമുറിച്ച് ഒരു ബാഗിലാക്കി മറ്റുള്ള ബന്ധുക്കള്‍ക്ക് കൊടുത്തുവിടുകയും ചെയ്ത ഭീകര സംഭവവും ക്രിസ്റ്റീന പങ്ക് വെക്കുകയുണ്ടായി.
"ആര്‍ക്കും ഇത് സഹിക്കുവാന്‍ പറ്റില്ല. ഇറാഖിലുള്ള എന്റെ മറ്റു പല ബന്ധുക്കളും തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലരും ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍. എങ്കിലും എന്നോടും കുടുംബത്തോടും ഇത്രയും ക്രൂരത കാണിക്കുന്ന ഐഎസിനു വേണ്ടി ഞാന്‍ ദിവ്യകാരുണ്യ നാഥനോട് പ്രാര്‍ത്ഥിക്കുന്നു. പിതാവേ ഐഎസിന്റെ മേല്‍ കരുണയായിരിക്കേണമേ". ക്രിസ്റ്റീന ഷാബോ തന്റെ പ്രാര്‍ത്ഥന പങ്ക് വെച്ചു.
അഭയാര്‍ത്ഥിയായി യുഎസില്‍ എത്തിയ ശേഷം തനിക്ക് സ്‌കൂളില്‍ പോകുവാനും സുരക്ഷിതത്വത്തോടെ പുറത്ത് ഇറങ്ങി നടക്കുവാനും സാധിക്കുന്നുണ്ടെന്ന് അനുസ്മരിച്ച ഷാബോ, തന്റെ ഭാഗ്യം ലഭിക്കാതെ പോയ ആയിര കണക്കിന് കുഞ്ഞുങ്ങളെ ഓര്‍ത്ത് ആകുലപ്പെടുന്നു. ഐലാന്‍ കുര്‍ദിയുടെ മരണം തന്നെ ഏറെ ഞെട്ടിപ്പിച്ചെന്നും ഒരു പക്ഷേ അത്തരം ഒരവസ്ഥ തനിക്കും നേരിടേണ്ടി വരുമായിരുന്നുവെന്നും ക്രിസ്റ്റീന ഷാബോ പറയുന്നു.
ഡിട്രോയിറ്റിലെ കല്‍ദയന്‍ കത്തീഡ്രല്‍ പള്ളിയിലെ ഒരു ഡീക്കനായി സേവനം ചെയ്യുകയാണ് ക്രിസ്റ്റീനയുടെ പിതാവ്. യുദ്ധം ഭയന്ന് ഓടിയ നാളുകളില്‍ തന്റെ കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയത് തന്റെ പിതാവാണെന്ന് ക്രിസ്റ്റീന പ്രത്യേകം ഓര്‍ക്കുന്നു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ക്രൈസ്തവരെ പിഴുതെറിയുവാന്‍ ശ്രമിക്കുന്നവര്‍ ഈ ഭാഷയുടെ നാശവും ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് ക്രിസ്റ്റീന ഷാബോ പറഞ്ഞു. ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുയും കരുതുയും ചെയ്യുകയാണ് ഏറ്റവും വലിയ ക്രൈസ്തവ ധര്‍മ്മമെന്ന് കരുതുന്ന ഈ ക്രൈസ്തവ യുവതി, നമുക്ക് മുന്നില്‍ തന്റെ ജീവിതത്തിലൂടെ തന്നെ അതിന് സാക്ഷിയായി നിലകൊള്ളുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക