News - 2024

സെപ്റ്റംബർ 30ന് പാപ്പയുടെ സാന്നിധ്യത്തില്‍ വിവിധ സഭകളുടെ എക്യുമെനിക്കൽ പ്രാർത്ഥന സമ്മേളനം

പ്രവാചകശബ്ദം 08-09-2023 - Friday

വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനില്‍ വിവിധ സഭകളുടെ എക്യുമെനിക്കൽ പ്രാർത്ഥനാസായാഹ്ന സമ്മേളനം നടക്കും. വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടക്കുന്ന സായാഹ്ന പ്രാർത്ഥന സമ്മേളനത്തിൽ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുന്നതിന് മുൻപാണ് പരിശുദ്ധപിതാവിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽവച്ച് എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥനാസമ്മേളനം നടക്കുക.

നിന്റെ കൂടാരം വിസ്തൃതമാക്കുക എന്ന ഏശയ്യ 54:2 വാക്യമാണ് എക്യുമെനിക്കല്‍ സമ്മേളനത്തിന്റെ പ്രമേയം. ഒക്ടോബർ നാലു മുതൽ ഇരുപത്തിയൊൻപത് വരെ തീയതികളിലാണ് മെത്രാന്മാരുടെ സിനഡിന്റെ സമ്മേളനം നടക്കുന്നത്. വിവിധ അപ്പസ്തോലിക സഭകൾ, കമ്മ്യൂണിറ്റികൾ, പ്രസ്ഥാനങ്ങൾ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകള്‍ എക്യുമെനിക്കൽ പ്രാർത്ഥന സായാഹ്ന സമ്മേളനത്തില്‍ പങ്കെടുക്കും.

റോമിലെ സിനഡിന്റെ സെക്രട്ടേറിയേറ്റ്, ക്രിസ്ത്യൻ ഐക്യത്തിന് വേണ്ടിയും കുടുംബത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി, റോമിലെ വികാരിയേറ്റ് തുടങ്ങിയവയുടെ സംയുക്ത ഏകോപനത്തിലാണ് എക്യുനിക്കല്‍ സമ്മേളനവും പ്രാര്‍ത്ഥനയും നടക്കുക. ക്രൈസ്തവ ഐക്യത്തെ മുന്‍നിര്‍ത്തി സെപ്റ്റംബറിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എല്ലാവരോടും പ്രാർത്ഥനയിൽ ഒന്നുചേരാന്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടിരിന്നു. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിലെയും സഹോദരീസഹോദരന്മാരെ ദൈവജനത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയാണെന്ന് പാപ്പ അന്ന് പറഞ്ഞു.


Related Articles »