News - 2025

സാത്താൻ ആരാധന ഉപേക്ഷിച്ച് വൈദികനാകാൻ തയ്യാറെടുക്കുന്ന യുവാവിന്റെ സാക്ഷ്യം ശ്രവിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 11-09-2023 - Monday

മോസ്കോ: സാത്താൻ ആരാധന ഉപേക്ഷിച്ച് ക്രിസ്തുവിന്റെ സാക്ഷിയായി മാറിയ ജീവിതാനുഭവം പങ്കുവെച്ച് 34 വയസ്സുള്ള റഷ്യൻ യുവാവ്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച റഷ്യയിലെ യുവജനങ്ങളായ കത്തോലിക്കാ വിശ്വാസികളുടെ പത്താമത് കൂട്ടായ്മയിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു സാക്ഷ്യം പാപ്പയുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അലക്സാണ്ടർ ബാരനോവ് എന്ന സെമിനാരി വിദ്യാർത്ഥിയുടെ ജീവിതകഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹൃസ്വമായ അലക്സാണ്ടർ ബാരനോവിന്റെ ജീവിതസാക്ഷ്യം പാപ്പ പൂര്‍ണ്ണമായും ശ്രവിച്ചു.

ഏകദേശം ഒരു പതിറ്റാണ്ടായി താൻ സഭയിൽ നിന്നും അകലെയായിരുന്നു. നിരവധി മന്ത്രവാദ ചടങ്ങുകളിൽ പങ്കെടുത്തു. സാത്താൻ ആരാധകനായിരുന്ന താന്‍ നിരവധി പൈശാചിക ചടങ്ങുകളിൽ ഭാഗഭാക്കായി. എന്നാൽ അഞ്ചുവർഷം മുന്‍പ് തിരുസഭയിലേക്ക് താൻ തിരിച്ചു വന്നു. സെമിനാരിയിൽ ചേര്‍ന്നെങ്കിലും രണ്ടാംവർഷ വിദ്യാർത്ഥി ആയിരിക്കുന്ന സമയത്താണ് പൗരോഹിത്യ വിളി തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനത്തെ അന്ധകാരത്തിൽ നിന്നും മടക്കിക്കൊണ്ടു വരിക എന്ന പ്രത്യേക ദൗത്യം കത്തോലിക്ക സഭയ്ക്കു ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി പറഞ്ഞ അലക്സാണ്ടർ ബാരനോവ്, താനും ആ ദൗത്യത്തിന്റെ ഗുണഭോക്താവാണെന്ന് വിവരിച്ചു.

ജ്യോതിഷം അടക്കമുള്ള അന്ധവിശ്വാസങ്ങളെ പറ്റി മുന്നറിയിപ്പ് നൽകിയ ബാരനോവ് ഒരു പരിധി കഴിഞ്ഞാൽ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ഒരു അത്ഭുതം തന്നെ സംഭവിക്കേണ്ട സാഹചര്യത്തിൽ എത്തിച്ചേരുമെന്നും പറഞ്ഞു. തന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ നിന്നും ക്രിസ്തുവിന് അനുവാദം നൽകിയാൽ അന്ധകാരത്തിൽ നിന്നും ഒരാളെ മോചിപ്പിക്കാനും, സഭയിലേക്ക് കൊണ്ടുവരാനും ക്രിസ്തുവിന് സാധിക്കുമെന്ന് ആ സെമിനാരി വിദ്യാർത്ഥി വിശദീകരിച്ചു. നിങ്ങൾ എന്തുമാത്രം ബലഹീനൻ ആണെങ്കിലും, വേദനയിലൂടെ കടന്നു പോകുന്നയാൾ ആണെങ്കിലും, മോശം സാഹചര്യങ്ങളെ നേരിട്ട ആളാണെങ്കിലും ജീവനും, രക്ഷയും, സ്നേഹവും നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇതായിരിക്കണം കത്തോലിക്ക വിശ്വാസികൾ പ്രഘോഷിക്കേണ്ടതെന്നും, ജീവിക്കേണ്ടതെന്നും ബാരനോവ് പറഞ്ഞു. ആഗസ്റ്റ് 24 മുതല്‍ 27 വരെയാണ് റഷ്യന്‍ യുവജന സംഗമം നടന്നത്.


Related Articles »