News
യുക്രൈന്‍ പ്രാര്‍ത്ഥിക്കുന്നു, പോരാടുന്നു: സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് യുക്രൈന്‍ മെത്രാന്മാര്‍
പ്രവാചകശബ്ദം 15-09-2023 - Friday
വത്തിക്കാന്‍ സിറ്റി: യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ (യു.ജി.സി.സി) തലവന്‍ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ലോകമെമ്പാടും നിന്നുള്ള യുക്രൈന്‍ ഗ്രീക്കു കത്തോലിക്ക സഭയുടെ മെത്രാന്‍മാര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ ജോസഫാറ്റിന്റെ രക്തസാക്ഷിത്വത്തിന്റെ നാനൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി സഭ പ്രത്യേക പ്രാര്‍ത്ഥന നടത്തി. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ മുന്‍ തലവനും കര്‍ദ്ദിനാള്‍ കോളേജിന്റെ വൈസ് - ഡീനുമായ കര്‍ദ്ദിനാള്‍ ലിയണാര്‍ഡോ സാന്ദ്രിയും ദിവ്യബലിയില്‍ പങ്കെടുത്തു.
മഹായുദ്ധത്തിന്റെ വേദനകള്‍ക്കും അന്ധകാരത്തിനുമിടയില്‍, ദൈവം നമുക്ക് അഗാധമായ ആനന്ദത്തിന്റെ അനുഭവവും, ഒരിക്കലും അണയാത്ത യഥാര്‍ത്ഥ പ്രകാശവും നല്‍കുന്നുവെന്നു ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് പറഞ്ഞു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രക്തസാക്ഷിത്വം വരിച്ച്, സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെടുന്ന ഏക യുക്രൈന്‍ വിശുദ്ധനായ ജോസഫാറ്റിനെ പരാമര്‍ശിച്ചുകൊണ്ട്, ദൈവം സ്നേഹിക്കുന്നപോലെ സ്നേഹിക്കുവാന്‍ കഴിയുന്ന ധീരന്‍മാര്‍ക്ക് മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹം ജന്മം നല്‍കുന്നുവെന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഇന്ന്‍ വിശുദ്ധ ജോസഫാറ്റ് നമ്മോട് പറയുന്നു: ഈ ഐക്യം ഉപേക്ഷിക്കുവാന്‍ പറയുന്നവന്റെ ശബ്ദം നമ്മള്‍ ശ്രവിക്കരുത്. വിശാലമായ കത്തോലിക്കാ സഭയുമായുള്ള ഐക്യത്താല്‍ ചരിത്രപരമായ പ്രതിസന്ധികളെ അതിജീവിച്ചതാണ് നമ്മുടെ സഭയെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ യു.ജി.സി.സി സിനഡ് മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സിസ് പാപ്പയോട് നന്ദി പറയുവാനും മെത്രാപ്പോലീത്ത മറന്നില്ല. ഫ്രാന്‍സിസ് പാപ്പയുടെയും കത്തോലിക്ക മെത്രാന്‍മാരുടെയും പിന്തുണയുള്ള യുക്രൈന്‍ ഒറ്റക്കല്ല. വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ നിന്നുകൊണ്ട് യുക്രൈന് റോമിനോടും ലോകത്തോടും പറയുവാന്‍ കഴിയും: യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നു! യുക്രൈന്‍ പോരാടുന്നു! യുക്രൈന്‍ പ്രാര്‍ത്ഥിക്കുന്നു” - ഈ വാക്കുകളോടെയാണ് യുക്രൈന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.