News - 2024
ഭ്രൂണഹത്യ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പുമാര്‍
പ്രവാചകശബ്ദം 25-11-2024 - Monday
വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും വേണ്ടി ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പുമാര്‍. 2025 ജനുവരി 23 വ്യാഴാഴ്ചയും, 24 വെള്ളിയാഴ്ചയും നടക്കുന്ന നാഷ്ണൽ വിജിൽ ഫോർ ലൈഫിൽ പങ്കെടുക്കുവാനാണ് മെത്രാന്മാര്‍ അമേരിക്കന്‍ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും ജീവന്റെ വക്താക്കളായി മാറാനും ഒരുമിച്ചു ചേരാൻ രാജ്യത്തിൻ്റെ എല്ലാ കോണുകളിലുമുള്ള കത്തോലിക്കരെ ആവേശത്തോടെ ക്ഷണിക്കുകയാണെന്ന് ടോളിഡോയിലെ ബിഷപ്പ് ഡാനിയൽ ഇ തോമസ് പറഞ്ഞു.
1973-ൽ അമേരിക്കയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് വിധി റദ്ദാക്കിക്കൊണ്ട് 2022 ജൂണിൽ സുപ്രീം കോടതി അതിൻ്റെ ചരിത്രപരമായ വിധി പുറപ്പെടുവിച്ച കാര്യം അമേരിക്കന്‍ മെത്രാന്‍ സമിതി നവംബർ 22 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പിൽ അനുസ്മരിച്ചു. അതേസമയം ചിലർ ഭ്രൂണഹത്യയിലേക്കുള്ള വഴികള്‍ വർദ്ധിപ്പിച്ചുവെന്നും മറ്റുള്ളവർ ഗർഭസ്ഥ ശിശുക്കളെയും അവരുടെ അമ്മമാരെയും സംരക്ഷിക്കുന്നതിനുള്ള ശക്തമായ നയങ്ങളിൽ പ്രവർത്തിക്കുകയാണെന്നും യുഎസ് മെത്രാന്‍ സമിതി കുറിച്ചു.
ഏറ്റവും ദുർബലരായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയങ്ങൾ മാറ്റാനും ജീവന്റെ സംസ്കാരം കെട്ടിപ്പടുക്കാനും നമ്മൾ ഒരുമിച്ച് പ്രാർത്ഥിക്കണം. ബിഷപ്പുമാർ, നൂറുകണക്കിന് വൈദികർ, സന്യസ്തര്‍, സെമിനാരികൾ, ആയിരക്കണക്കിന് തീർത്ഥാടകർ എന്നിവരോടൊപ്പം ജാഗരണ പ്രാര്‍ത്ഥന ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ബിഷപ്പ് തോമസ് പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ ബസിലിക്കയിലും അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റി കാമ്പസിലുമായിട്ടായിരിക്കും ജാഗരണ പ്രാര്‍ത്ഥന നടക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായ മാർച്ച് ഫോർ ലൈഫിൻ്റെ തലേദിവസമാണ് ജാഗരണ പ്രാര്‍ത്ഥന ഒരുക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.