News

21 പുതിയ കർദ്ദിനാളുമാര്‍ സ്ഥാനിക ചിഹ്നം സ്വീകരിച്ചു; വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 136 ആയി

പ്രവാചകശബ്ദം 30-09-2023 - Saturday

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ 21 പുതിയ കർദ്ദിനാളുമാരെ വാഴിച്ചു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ 'കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ്' എന്ന്‍ പറയുന്നത്. പുതുതായി കര്‍ദ്ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരില്‍ 18 പേർ 80 വയസ്സിന് താഴെയുള്ളവരായതിനാല്‍ പാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്.

15 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ കര്‍ദ്ദിനാളുമാര്‍. കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു സ്ഥാനിക ചിഹ്നം സ്വീകരിച്ചവരില്‍ മലേഷ്യയിലെ പെനാംഗ് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് മലയാളി വേരുകളുള്ള മെത്രാനാണ്. തൃശൂർ അതിരൂപതയുടെ കീഴിലുള്ള ഒല്ലൂരില്‍ മേച്ചേരി കുടുംബാംഗമാണ് അദ്ദേഹം. ചിന്ന റോമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒല്ലൂരിൽ നിന്ന് 1890കളിൽ മലേഷ്യയിലേക്കു കുടിയേറിയവരാണ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ പൂർവികർ.

തന്റെ 10 വർഷത്തെ പത്രോസിന്റെ ദൌത്യത്തില്‍ നടന്ന ഒമ്പത് കൺസിസ്റ്ററികളിലും ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന കത്തോലിക്ക സഭയുടെ വൈവിധ്യത്തെ എടുത്തുക്കാട്ടുന്ന വിധത്തിലാണ് പാപ്പ കര്‍ദ്ദിനാളുമാരെ തെരഞ്ഞെടുത്തത്. ചുവന്ന തൊപ്പി ഉള്‍പ്പെടെ സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചവരില്‍ ദക്ഷിണ സുഡാനിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാൾ സ്റ്റീഫൻ അമേയു മാർട്ടിൻ മുല്ലയും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ, ടാൻസാനിയയിലെ തബോറയിൽ നിന്നുള്ള കർദ്ദിനാൾ പ്രൊട്ടേസ് റുഗാംബ്വ എന്നിവരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്.

ആഫ്രിക്കയിൽ വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ ആകെ എണ്ണം 14% ആണ്. ഫ്രാന്‍സിസ് പാപ്പ അധികാരമേറ്റെടുത്ത ശേഷം ഉയര്‍ത്തിയ വിവിധ കണ്‍സിസ്റ്ററികളിലൂടെ 5% വര്‍ദ്ധനവാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ രേഖപ്പെടുത്തിരിക്കുന്നത്. വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ 16% ഇപ്പോൾ ഏഷ്യയിൽ നിന്നുള്ളവരാണ്. 18 പുതിയ വോട്ടർമാരോടൊപ്പം, അടുത്ത പാപ്പയെ തിരഞ്ഞെടുക്കാൻ യോഗ്യരായ കർദ്ദിനാൾമാരുടെ എണ്ണം 136 ആയി ഉയര്‍ന്നു. അവരിൽ 72% പേരെ തിരഞ്ഞെടുത്തത് ഫ്രാൻസിസ് മാർപാപ്പയാണ്. സഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ റെക്കോര്‍ഡ് ഫ്രാന്‍സിസ് പാപ്പയുടെ പേരിലാണ്.

ആർച്ച് ബിഷപ്പുമാരായ പിയർബാറ്റിസ്റ്റ പിസാബല്ലാ (ഇറ്റലി), എമിൽ പോൾ ചെറിഗ് (സ്വിറ്റ്സർലൻഡ്), ഹൊസേ കോബോ കാനോ (സ്പെയിൻ), സ്റ്റീഫൻ ബിസ്മിൻ (സൗത്ത് ആഫ്രിക്ക), ക്ലൗദിയോ ഗുജറോത്തി (ഇറ്റലി), റോബർട്ട് ഫ്രാൻസിസ് വോസ്റ്റ് (യുഎസ്എ), വിക്ടർ മാന്വൽ ഫെർണാണ്ടസ് (അർജന്റീന), ക്രിസ്റ്റോഫ് ലയിയീവ്സ് ജോർജ്(ഫ്രാൻസ്), ഏഞ്ചൽ സി ക്സ്റ്റോ റോസ്സി (അർജന്റീന), ലൂയിസ് ഹൊസേ റുവേദ അപ്പരീസിയോ (കൊളംമ്പിയ), ഗ്രെഗോർ റിസ് (പോളണ്ട്), സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ലാ (സൗത്ത് സുഡാൻ), പാത്താ റുഗംബ്വാ (ടാൻസാനിയ), ബിഷപ്പുമാരായ സ്റ്റീഫൻ ചൗ സൗ-യാൻ (ചൈന), ഫ്രാൻസ്വാ-സവിയേ ബുസ്തിയോ (ഫ്രാൻസ്), അമെരിക്കോ മാന്വൽ ആൽവെസ് അഗ്വിയാർ (പോർച്ചുഗൽ), ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിലെ (സലേഷ്യൻ സുപ്പീരിയർ ജനറൽ, സ്പെയിൻ) എന്നിവരാണ് സ്ഥാനിക ചിഹ്നം സ്വീകരിച്ച കർദ്ദിനാളുമാർ.


Related Articles »