News - 2024

വിശുദ്ധ നാടിന്റെ സമാധാനത്തിനായി ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം; എല്ലാ വിശ്വാസികളോടും പങ്കുചേരാന്‍ പാപ്പയുടെ ആഹ്വാനം

പ്രവാചകശബ്ദം 17-10-2023 - Tuesday

ജെറുസലേം: യുദ്ധത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ട്ടമായ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഇന്ന് ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയുടെ ആഹ്വാന പ്രകാരമാണ് വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. വിശുദ്ധ നാട്ടിലെ സഭയോടു ഒന്നു ചേരാനും ഇന്ന് ചൊവ്വാഴ്ച (ഒക്ടോബർ 17, 2023) പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമർപ്പിക്കാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പയും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരിന്നു. വിദ്വേഷത്തിന്റെയും ഭീകരതയുടെയും യുദ്ധത്തിന്റെയും പൈശാചിക ശക്തിയെ ചെറുക്കാനുള്ള സൗമ്യവും വിശുദ്ധവുമായ ശക്തിയാണ് പ്രാർത്ഥനയെന്നും പാപ്പ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചു

ഒക്‌ടോബർ 17 ചൊവ്വാഴ്ച എല്ലാവരും ഉപവാസത്തിന്റെയും വർജ്ജനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായി ആചരിക്കണമെന്ന ആഹ്വാനം കഴിഞ്ഞ ആഴ്ചയാണ് ജെറുസലേം പാത്രിയാർക്കീസ് പങ്കുവെച്ചത്. നമുക്ക് ദിവ്യകാരുണ്യ ആരാധനയോടും നമ്മുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല സമര്‍പ്പണത്തോടും കൂടി പ്രാർത്ഥന സംഘടിപ്പിക്കാം. വിശുദ്ധ നാട്ടിലെ പല ഭാഗങ്ങളിലും സാഹചര്യങ്ങൾ വലിയ ഒത്തുചേരലുകൾ അനുവദിക്കില്ലെങ്കിലും, ഇടവകകളിലും ചെറു വിശ്വാസി സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാർത്ഥന സംഘടിപ്പിക്കാൻ സാധിക്കും. സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹം പിതാവായ ദൈവത്തെ ഏൽപ്പിക്കാൻ, നാമെല്ലാവരും ഒത്തുചേരുകയാണെന്നും കർദ്ദിനാൾ പിസബല്ല പ്രസ്താവിച്ചിരിന്നു.

വിശുദ്ധ നാടിന് വേണ്ടി പ്രാര്‍ത്ഥനയില്‍ ഒത്തുചേരുമെന്നു അമേരിക്കന്‍ മെത്രാന്‍ സമിതി നേരത്തെ വ്യക്തമാക്കിയിരിന്നു. പാലസ്തീനിലെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നപ്പോൾ യുദ്ധഭീകരതയില്‍ ആയിരകണക്കിന് നിരപരാധികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നാലായിരത്തിലധികം പേർ ഇതിനോടകം മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ സി‌എന്‍‌ബി‌സിയുടെ റിപ്പോര്‍ട്ട്.


Related Articles »