News

ബ്രിട്ടീഷ് കോടതി ദയാവധത്തിന് വിധിച്ച കുഞ്ഞിന് പൗരത്വം നൽകാന്‍ ഇറ്റലി; ചികിത്സാ സന്നദ്ധത അറിയിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 09-11-2023 - Thursday

ലണ്ടന്‍/ റോം: ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ ദയാവധത്തിന് വിധിച്ച മൈറ്റോകോൺട്രിയൽ എന്ന അസുഖം ബാധിച്ച എട്ട് മാസം പ്രായമുള്ള ഇൻഡി ഗ്രിഗറി എന്ന കുഞ്ഞിന് ചികിത്സാ സന്നദ്ധത അറിയിച്ച് ഇറ്റലി. ഇറ്റാലിയന്‍ പൗരത്വം നൽകുവാന്‍ ഭരണകൂടം സന്നദ്ധത അറിയിച്ചപ്പോള്‍ ചികിത്സ നൽകാമെന്ന് റോമിലെ കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബംബിനോ ജേസു ആശുപത്രിയും വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. റോമിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ ഉടനെ തന്നെ മാറ്റാൻ തയ്യാറാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയാണുള്ളത്. ചികിത്സ ഫലപ്രദമല്ലെന്ന വ്യാഖ്യാനത്തോടെ ജീവൻ രക്ഷാ ഉപാധികൾ എടുത്തുമാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും നിയമ പോരാട്ടം ആരംഭിക്കുകയായിരിന്നു. എന്നാൽ ജീവന് വേണ്ടിയുള്ള വാദം കണക്കിലെടുക്കാതെ ജീവന്‍ രക്ഷ ഉപാധികൾ എടുത്തുമാറ്റാൻ കോടതിയും അനുകൂല വിധിയെഴുത്ത് നടത്തി.

ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞിന് നൽകിവരുന്ന ജീവൻ രക്ഷാ സഹായം നിർത്തലാക്കിയതിനു ശേഷം കുഞ്ഞ് എവിടെയായിരിക്കണം എന്ന കാര്യത്തിൽ കഴിഞ്ഞദിവസം ഓൺലൈനിൽ ജസ്റ്റിസ് പീൽ വാദം കേട്ടു. കുഞ്ഞിന്റെ വീട്, ആശുപത്രി, ശുശ്രൂഷ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ അഭിഭാഷകർ നിർദ്ദേശിച്ചു. എന്നാല്‍ ഇറ്റലിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്നത് കുഞ്ഞിന് നല്ലതായിരിക്കില്ലായെന്നാണ് പീൽ നിരീക്ഷിച്ചത്. ഇതിനെ അപ്പീൽ കോടതിയും പിന്താങ്ങി. ഇൻഡി ഗ്രിഗറിയുടെ ജീവൻ രക്ഷാ സഹായം നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഏറെനാളായി പോരാട്ടത്തിലാണ്.

എന്നാൽ അവർക്ക് അപ്പീൽ കോടതിയെയും, യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിനെയും സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ജീവന് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ ഉടനീളം അവർക്ക് സഹായവുമായി ക്രൈസ്തവ സംഘടനയായ ക്രിസ്റ്റ്യൻ കൺസേണും, ക്രിസ്റ്റ്യൻ ലീഗൽ സെന്ററും രംഗത്തുണ്ട്. ഇൻഡിയുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇപ്പോഴത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പ് 23 മാസം പ്രായമുള്ള ആൽഫി ഇവാൻസ് എന്ന കുട്ടിക്കും ഇതിന് സമാനമായ കേസിൽ ഇറ്റലി പൗരത്വം നൽകിയിരുന്നു.


Related Articles »