News - 2024

''എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി” : മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ പ്രമേയം പുറത്തുവിട്ടു

പ്രവാചകശബ്ദം 17-11-2023 - Friday

വാഷിംഗ്ടണ്‍ ഡി‌സി: അടുത്ത വര്‍ഷം ജനുവരി 19-ന് നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യപ്രമേയം സംഘാടകരായ മാര്‍ച്ച് ഫോര്‍ ലൈഫ് എജ്യൂക്കേഷനും, ഡിഫന്‍സ് ഫണ്ടും പുറത്തുവിട്ടു. ''എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുട്ടികള്‍ക്കും വേണ്ടി'' എന്നതാണ് അടുത്ത വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യ പ്രമേയം. അമ്മയെയും, കുഞ്ഞിനേയും പരിപാലിക്കണം എന്ന വസ്തുത എടുത്തുകാട്ടുന്നതാണ് പ്രമേയം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹെറിറ്റേജ് ഫൗണ്ടേഷനില്‍വെച്ചാണ് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനി റാലിയുടെ മുഖ്യപ്രമേയം പുറത്തുവിട്ടത്.

ഗര്‍ഭധാരണത്തിന് മുന്‍പും, ഗര്‍ഭധാരണത്തിലും, അതിന് ശേഷവും സ്ത്രീകളെ സഹായിക്കുന്നതാണ് പ്രോലൈഫ് പ്രസ്ഥാനമെന്നു മാന്‍സിനി വിവരിച്ചു. ഇതോടൊപ്പം വിവിധ ചര്‍ച്ചകളും നടന്നു. വെര്‍മോണ്ടിലെ ബ്രാറ്റില്‍ബോറോയിലെ ബ്രാഞ്ചസ് പ്രെഗ്നന്‍സി റിസോഴ്സ് സെന്ററിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ജീന്‍ മേരി ഡേവിസ്, ഡിവൈന്‍ മേഴ്സി പ്രോലൈഫ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. ജോണ്‍ ബ്രുച്ചാല്‍സ്കി, മിസ്സിസിപ്പി ഡെപ്യൂട്ടി അറ്റോര്‍ണി ജെനറല്‍ വിറ്റ്‌നി ലിപ്സ്കൊംബ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഗര്‍ഭവതികളെയും, അമ്മമാരെയും, കുട്ടികളേയും ഒരുമിച്ച് പരിപാലിക്കുവാന്‍ കഴിയുന്ന വഴികളെക്കുറിച്ച് ചര്‍ച്ച നടത്തിയത്.

ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.


Related Articles »