News - 2025
അർജന്റീനയുടെ പുതിയ ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിച്ച് രാജ്യത്തെ മെത്രാൻ സമിതി
പ്രവാചകശബ്ദം 22-11-2023 - Wednesday
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ പ്രസിഡന്റായി ലാ ലിബർട്ടാഡ് അവൻസാ പാർട്ടിയുടെ ജാവിയർ മിലി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ നേതൃത്വത്തിനുവേണ്ടി പ്രാർത്ഥനയുമായി രാജ്യത്തെ മെത്രാൻ സമിതി. മുൻ മന്ത്രിസഭയിലെ ധനമന്ത്രി സെർജിയോ മാസയെ തോൽപ്പിച്ചാണ് ജാവിയര്‍ മിലി പ്രസിഡന്‍റായത്.
പുതിയ ഭരണാധികാരികൾക്ക് പരിജ്ഞാനം ലഭിക്കുന്നതിനുവേണ്ടി തങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്ന് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ഓസ്കർ ഒജിയ 'എക്സി'ൽ (മുന്‍പ് ട്വിറ്റര്‍) പറഞ്ഞു. രാജ്യത്തിന്റെ പൊതു നന്മയ്ക്ക് വേണ്ടി അവർ പ്രവർത്തിക്കുമെന്ന പ്രതീക്ഷയും സാൻ ഇസിദോരോ രൂപതയുടെ മെത്രാൻ പങ്കുവെച്ചു. ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുത്ത് മാധ്യമരംഗത്ത് സജീവമായ വ്യക്തിയാണ് മിലി.
രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 2020ലെ നിയമത്തെ ശക്തമായി എതിർക്കുന്ന ആളാണ് പുതിയ പ്രസിഡന്റ് മിലി. എൽജിബിടി ചിന്താഗതിയെയും, വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തെറ്റായ ചിന്താഗതി പഠിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു. മിലിയുടെയും, വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവേലിന്റെയും നിലപാടുകൾ പ്രോലൈഫ് സംഘടനകൾക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്.