Faith And Reason

യേശുവിനെ പ്രതി മരിക്കാനും ഞാൻ തയാറായിരിന്നു: ദാരുണമായ സംഭവം വിവരിച്ച് തട്ടിക്കൊണ്ടു പോകലിന് ഇരയായ നൈജീരിയന്‍ സന്യാസി

പ്രവാചകശബ്ദം 05-12-2023 - Tuesday

അബൂജ: സന്തത സഹചാരികളായ ബെനഡിക്ടന്‍ സന്യാസികള്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ക്രൂരമായ പീഡനത്തിന് ഇരയാവുകയും, അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ ഭീകര ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് നൈജീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥി. ബന്ധനത്തില്‍ നിന്നും മോചിതനായ ശേഷം ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രദര്‍ പീറ്റര്‍ ഒലാരെവൗജു നവംബര്‍ 26-ന് ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ നേരിട്ട ഭീകരതയെക്കുറിച്ച് വിവരിച്ചത്. തനിക്കൊപ്പം ബന്ധനത്തില്‍ കഴിയുന്ന തന്റെ സഹോദരന്‍മാര്‍ക്ക് വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ പ്രചോദനം നല്‍കിക്കൊണ്ടാണ് ബ്രദര്‍ ഗോഡ്വിന്‍ എസെ മരണത്തെ പുല്‍കിയത്.

നൈജീരിയയിലെ ഇലോറിന്‍ രൂപതയിലെ എരുകുവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-നാണ് ബ്രദര്‍ ഒലാരെവൗജു, ബ്രദര്‍ ആന്റണി എസെ, ബ്രദര്‍ ഗോഡ്വിന്‍ എസെ എന്നീ ബെനഡിക്ടന്‍ സെമിനാരി വിദ്യാര്‍ത്ഥികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. തങ്ങളുടെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഒരു സ്ഥലവുമില്ലെന്നു ബ്രദര്‍ ഒലാരെവൗജു വെളിപ്പെടുത്തി. തടവിലായിരുന്നപ്പോള്‍ ദിവസവും ചമ്മട്ടിക്കൊണ്ട് അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുമായി ആശുപത്രിയില്‍ പ്രവേശിച്ച ഒലാരെവൗജുവിന് മുപ്പതോളം കുത്തിവെയ്പ്പുകളാണ് നല്‍കിയത്. “മോചിപ്പിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു. ഒരു ദിവസം കൂടി അവരുടെ തടവില്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ മരിക്കുമായിരുന്നു”. മരിക്കാന്‍ താന്‍ തയാറായിരിന്നുവെന്നും ബ്രദര്‍ ഒലാരെവൗജു പറഞ്ഞു.

ഒക്ടോബര്‍ 17-ന് പുലര്‍ച്ചെ ഒരുമണിക്ക് എ.കെ 47 തോക്കുകളും, അരിവാളുകളും മറ്റ് ആയുധങ്ങളുമായി ആശ്രമത്തില്‍ എത്തിയ ഒന്‍പതംഗ സംഘമാണ് ഉറങ്ങിക്കിടന്നിരുന്ന സന്യാസികളെ തട്ടിക്കൊണ്ടുപോയത്. എവിടെ നിന്നോ തട്ടിക്കൊണ്ടു വന്ന ഒരു കര്‍ഷകനാണ് ഫുലാനികളെന്ന് സംശയിക്കപ്പെടുന്ന അക്രമികള്‍ക്ക് ആശ്രമത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. അക്രമികള്‍ റൂമിലെത്തിയപ്പോള്‍ താന്‍ കട്ടിലിനടിയില്‍ ഒളിച്ചുവെന്നും അക്രമികള്‍ ‘യേശുവേ’ എന്ന് വിളിച്ച് കരയുന്ന ബ്രദര്‍ ആന്‍റണിയെ മര്‍ദ്ദിക്കുന്ന ശബ്ദം താന്‍ കേട്ടുവെന്നും ഒലാരെവൗജു പറഞ്ഞു.

മുറി മുഴുവന്‍ അലംകോലമാക്കിയ അക്രമികള്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ബ്രദര്‍ ഒലാരെവൗജുവിനെ കണ്ടെത്തി. തങ്ങളെ കൊണ്ടുപോകുമ്പോള്‍ ബെഞ്ചമിന്‍ എന്ന് പേരായ മറ്റൊരു സന്യാസിയെ കൈകള്‍ പിറകില്‍ കെട്ടിയ നിലയില്‍ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നത് തങ്ങള്‍ കണ്ടു. നൈജീരിയയിലെ പ്രാദേശികഭാഷകളിലൊന്നായ ഹുസു ഭാഷ സംസാരിക്കുവാന്‍ കഴിയാത്ത മൂന്ന്‍ ബ്രദര്‍മാരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. എന്തെങ്കിലും പരാതിപ്പെട്ടാല്‍ തോക്കിന്റെ ബാരലോ, വടികൊണ്ടോ ഉള്ള അടിയായിരുന്നു മറുപടി. 15 കോടി നൈറ ($ 190,000) ആയിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. മോചനദ്രവ്യം ചൊല്ലിയുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ വരുമ്പോള്‍ അവര്‍ ഞങ്ങളെ മര്‍ദ്ദിക്കും.

അവരെകുറിച്ച് പറയുവാന്‍ എനിക്ക് വാക്കുകളില്ല. മനുഷ്യത്വം എല്ലാം നഷ്ടപ്പെട്ടവരാണ് അവര്‍. അവരില്‍ വേറെ എന്തോ ആണ് വസിക്കുന്നത്. മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ അവര്‍ പാകം ചെയ്തു കഴിക്കും. അവ ചുമന്നുകൊണ്ടു വരുന്ന ഞങ്ങള്‍ക്ക് പട്ടിണിയും. ഒരു ദിവസം വൈകിട്ട് 5 മണിക്ക് ഞങ്ങള്‍ ബോധം കെട്ടുവീണു. എത്ര തല്ലിയിട്ടും ബോധം വന്നില്ല. മോചനദ്രവ്യം ലഭിക്കും മുന്‍പ് തങ്ങള്‍ മരിക്കുമോ എന്ന് ഭയന്ന അക്രമികള്‍ തങ്ങള്‍ക്ക് ബിസ്കറ്റ് തരുവാനായി ബ്രദര്‍ എസെയുടെ കയ്യിലെ കെട്ടഴിച്ചു. ഒക്ടോബര്‍ 18-നാണ് ബ്രദര്‍ എസെ കൊല്ലപ്പെടുന്നത്.

ബ്രദര്‍ എസെ കൊല്ലപ്പെട്ട ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം. പീഡനം സഹിക്കുവാന്‍ കഴിയുന്നില്ലെന്നും ഞങ്ങളെ കൂടി കൊല്ലുവാനും തങ്ങള്‍ അക്രമികളോട് അപേക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗത്തില്‍ ഒഴുകിക്കൊണ്ടിരുന്ന ഒരു നദിക്കരയില്‍ വെച്ചാണ് ബ്രദര്‍ എസെ കൊല്ലപ്പെട്ടതെന്ന്‍ പറഞ്ഞ ഒലാരെവൗജു തങ്ങളെക്കൊണ്ടാണ് മൃതദേഹം നദിയില്‍ ഒഴുക്കിയതെന്നും വെളിപ്പെടുത്തി.

“ഞങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉറച്ചുനിന്നു. യേശു എന്ന വാക്ക് കേള്‍ക്കുന്നത് അക്രമികള്‍ക്ക് ഇഷ്ടമല്ലാതിരുന്നതിനാല്‍ പരസ്പരം ആംഗ്യം കാണിച്ചായിരുന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. കോഗിയില്‍ എത്താറായപ്പോഴാണ് മോചനദ്രവ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഫലം കണ്ടതും ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടതും. അപ്പോള്‍ ബ്രദര്‍ ആന്റണി മരണത്തിന്റെ വക്കിലായിരുന്നു. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സഹനങ്ങള്‍ എന്റെ വിശ്വാസത്തെ വര്‍ദ്ധിപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും യേശുവിനു വേണ്ടി മരിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു” - പട്ടിണിയും, ചമ്മട്ടി അടിയും നേരിട്ട് മലകളും കുന്നുകളും, സമതലങ്ങളും താണ്ടിയുള്ള 5 ദിവസത്തെ യാത്രക്ക് ശേഷമാണ് മോചിതരായത്. കൊല്ലപ്പെട്ട ബ്രദര്‍ എസെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന്‍ പറഞ്ഞുകൊണ്ടാണ് ഒലാരെവൗജു അഭിമുഖം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »