News - 2025
നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി
പ്രവാചകശബ്ദം 12-12-2023 - Tuesday
അബൂജ: നൈജീരിയയിലെ ഇമോ സ്റ്റേറ്റില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ ഉമുകെബി ഇടവക വികാരിയായ ഫാ. കിംഗ്സ്ലി ഈസെയാണ് മോചിതനായിരിക്കുന്നത്. നൈജീരിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, തട്ടിക്കൊണ്ടുപോയവർ 50 ദശലക്ഷം നൈറ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇമോ സ്റ്റേറ്റിലെ സുരക്ഷ പ്രശ്നങ്ങളുടെ ഒടുവിലത്തെ ഇരയായാണ് ഫാ. കിംഗ്സ്ലി നേരിട്ട അക്രമത്തെ നിരീക്ഷിക്കുന്നത്.
ഇൻഡിജിനസ് പീപ്പിൾ ഓഫ് ബിയാഫ്രയിലെ (ഐപിഒബി) അംഗങ്ങൾ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് വൈദികനെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുന്‍പ്, തോക്കുധാരികൾ ഒതുലു സമുദായത്തിലെ പരമ്പരാഗത ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരിന്നു. തെക്കു കിഴക്കൻ നൈജീരിയൻ ഫെഡറേഷനിൽ നിന്നും സ്വതന്ത്രമായ ബിയാഫ്ര സംസ്ഥാനം രൂപീകരിക്കാൻ ഇൻഡിജിനസ് പീപ്പിൾ ഓഫ് ബിയാഫ്ര പോരാടുകയാണ്. ഈ അക്രമങ്ങള്‍ ഇമോ സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ നൈജീരിയയില്‍ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പതിവ് സംഭവമാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പണം ലക്ഷ്യമാക്കിയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോകല്‍ തുടരുന്നത്. നിരവധി വൈദികരെ ഇക്കാലയളവില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന അക്രമങ്ങളുമായി പശ്ചിമാഫ്രിക്കൻ രാജ്യം പോരാടുകയാണ്. 2009 മുതൽ, നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പായ ബൊക്കോഹറാം നടത്തുന്ന ആക്രമണങ്ങളും രാജ്യത്ത് അതീവ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്.
