News - 2024
വിട്ടുകൊടുക്കാനുള്ള കൃപ ലഭിച്ചത് ‘ദി ചോസണ്‍’ ബൈബിള്‍ പരമ്പരയില്‍ നിന്ന്‍: ഹോളിവുഡ് നടന്‍ നോഹ ജെയിംസ്
പ്രവാചകശബ്ദം 13-12-2023 - Wednesday
ന്യൂയോര്‍ക്ക്: ജനകോടികളുടെ ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയാണ് നിയന്ത്രിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ കീഴടങ്ങേണ്ടതിന്റെ പ്രാധാന്യം തനിക്ക് മനസ്സിലാക്കി തന്നതെന്ന് നടന്‍ നോഹ ജെയിംസ്. ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’ന് നല്‍കിയ അഭിമുഖത്തിലാണ് പരമ്പരയില്‍ യേശുവിന്റെ ശിഷ്യനായ അന്ത്രയോസിന്റെ വേഷം കൈകാര്യം ചെയ്യുന്ന നോഹ ജെയിംസ് താന്‍ കീഴടങ്ങാന്‍ പഠിച്ചതിനെക്കുറിച്ച് വിവരിച്ചത്. “പരമ്പരയുടെ ഉള്ളടക്കം മാത്രമല്ല, അത് ചിത്രീകരിക്കുന്ന സാഹചര്യങ്ങളും ദുഷ്കരമായിരുന്നു. വളരെ ചൂടുള്ള സമയമായിരുന്നു അത്. ദിവസം മുഴുവന്‍ വെയിലത്തായിരുന്നു ഞങ്ങള്‍. അത് വളരെ കഠിനമായിരുന്നു” - ജെയിംസ് പറഞ്ഞു.
മൂന്നാം സീസണിന്റെ ചിത്രീകരണത്തിനിടെയാണ് വിവാഹിതനായ ജെയിംസ്, ചിത്രീകരണത്തിലെ കാലതാമസം തന്റെ ആസൂത്രണങ്ങളെ എല്ലാം ബാധിച്ചുവെന്നും വെളിപ്പെടുത്തി. “കീഴടങ്ങാനുള്ള കഴിവ് കൊണ്ടല്ല ഞാന്‍ ദി ചോസണില്‍ എത്തിയത്. എനിക്ക് നിയന്ത്രിക്കുവാനും കീഴടങ്ങാനും കഴിയാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അത് ഉപേക്ഷിക്കുവാന്‍ ഞാന്‍ പഠിച്ചു. സീസണ്‍ നാലിലെ ദുഷ്കരമായ നിമിഷങ്ങളില്‍ ആ പാഠം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്”. ഇത്തരത്തില്‍ വളരുക എന്നത് തീര്‍ച്ചയായും ദി ചോസണിന്റെ ഒരു ഭാഗം തന്നെയാണെന്ന് പറഞ്ഞ ജെയിംസ്, പരമ്പരയിലെ ഓരോ കഥാപാത്രത്തിനും അവരുടേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ആ ബുദ്ധിമുട്ടുകളോട് അവര്‍ പോരാടുകയും അവയെ തരണം ചെയ്യുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം 2024 ഫെബ്രുവരിയില്‍ പരമ്പരയുടെ സീസണ്‍ നാലു മുഴുവനായും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഫാതോം ഇവന്റ്സ് വിതരണം ചെയ്യുന്ന ഈ പരമ്പരയുടെ 1 മുതല്‍ 3 വരെയുള്ള എപ്പിസോഡുകള്‍ 2024 ഫെബ്രുവരി 1-നും, 4 മുതല്‍ 6 വരെയുള്ള എപ്പിസോഡുകള്‍ ഫെബ്രുവരി 15നും, 7, 8 എപ്പിസോഡുകള്‍ ഫെബ്രുവരി 29നുമായിരിക്കും പ്രദര്‍ശിപ്പിക്കുക. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷമായിരിക്കും പരമ്പര സംപ്രേഷണം ചെയ്യുക. പതിവ് പോലെ ഇത്തവണയും പരമ്പര ‘ദി ചോസണ്‍’ ആപ്പിലൂടെ സൗജന്യമായി കാണാവുന്നതാണ്.