India - 2024

കർഷകർക്കുവേണ്ടിയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളാണ് സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 18-12-2023 - Monday

കൊച്ചി: വിഷമിക്കുന്ന കർഷകർക്കുവേണ്ടിയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളാണ് സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം നയിക്കുന്ന കർഷക അതിജീവന യാത്രയ്ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധികളുടെ അടിസ്ഥാനം കാർഷിക മേഖലയിൽ ഉത്പാദനമില്ലാത്തതും കാർഷിക ഉത്പന്നങ്ങൾക്കു വില ലഭിക്കാത്തതുമാണ്. സമഗ്ര പദ്ധതിയിലൂടെ കാർഷികമേഖല പുനരുജ്ജീവിപ്പിക്കണം. കർഷകർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നതിനോ കടബാധ്യതയിൽ ആത്മഹത്യ ചെയ്യുന്നതിനോ സർക്കാർ ഇടവരുത്തരുതെന്നും കർദ്ദിനാൾ പറഞ്ഞു.

അതിജീവന യാത്ര ശബ്‌ദമില്ലാത്തവന്റെ ശബ്ദമാണെന്ന് സീറോ മലബാർ സഭ അഡ്മ‌ിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യ സന്ദേശത്തിൽ പറഞ്ഞു. അസംഘടിതരായ കർഷകരുടെ ശബ്ദം ഇന്ന് ഉത്ത രവാദിത്തപ്പെട്ടവർ കേൾക്കുന്നില്ല. കർഷകരോദനം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിജീവനയാത്ര തലസ്ഥാന നഗരിയിൽ എത്തുമ്പോൾ യാത്ര മുന്നോട്ടുവയ്ക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാ ൻ സർക്കാർ തയാറാകണമെന്നും മാർ വാണിയപ്പുരയ്ക്കൽ ആവശ്യപ്പെട്ടു.

സീറോ മലബാർ സഭ കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടത്തിൽ, സഭയിലെ വിവിധ കമ്മീഷനുകൾക്ക് നേതൃത്വം നൽകുന്ന വൈദികർ, സന്യസ്‌തർ, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ടെസി ബിജു, ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയി ൽ, രാജേഷ് ജോൺ, ബെന്നി ആൻ്റണി, ജോർജ് കോയിക്കൽ, ഫ്രാൻസിസ് മൂലൻ തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 562