News
മതനിന്ദ നിയമ മറവില്‍ തടങ്കലിലാക്കിയ 5 കുട്ടികളുടെ മാതാവായ നൈജീരിയന്‍ ക്രൈസ്തവ വനിതക്ക് ജാമ്യം
പ്രവാചകശബ്ദം 19-12-2023 - Tuesday
അബൂജ: വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ അഞ്ഞൂറിലധികം ദിവസങ്ങളായി ജയിലില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന 5 കുട്ടികളുടെ മാതാവായ നൈജീരിയന്‍ ക്രിസ്ത്യന്‍ വനിത റോഡ ജടാവുക്ക് ഒടുവില്‍ മോചനം. ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന്‍ ജയില്‍ മോചിതയായ റോഡ ഇപ്പോള്‍ ഒരു രഹസ്യസ്ഥലത്ത് തന്റെ വിചാരണയും കാത്ത് കഴിയുകയാണെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണയില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ജടാവുവിന് 5 വര്‍ഷങ്ങള്‍കൂടി ജയിലില്‍ കഴിയേണ്ടി വരും.
തന്നെ പരീക്ഷ പാസാകുവാന്‍ സഹായിച്ചതിന് യേശുവിനോട് നന്ദിപറഞ്ഞുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദെബോറ ഇമ്മാനുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചതിനെ അപലപിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതാണ് കുറ്റമായി പോലീസ് കണക്കാക്കിയിരിക്കുന്നത്. 2022 മെയ് മാസത്തിലാണ് ജടാവു തടവിലാകുന്നത്. നിരവധി പ്രാവശ്യം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജടാവുവിന് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വലിയ പ്രതിഷേധം ഉയര്‍ന്നിരിന്നു.
ജടാവുവിന്റെ വിചാരണ ഇന്ന് ഡിസംബര്‍ 19-ന് പുനഃരാരംഭിക്കുവാനാണ് ആദ്യം തീരുമാനിക്കപ്പെട്ടിരുന്നതെങ്കിലും അവധിക്കാലം കണക്കിലെടുത്ത് വിചാരണ 2024-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. നിയമപരമായ കാര്യങ്ങളില്‍ എ.ഡി.എഫ് ഇന്റര്‍നാഷണലാണ് ജടാവുവിനെ സഹായിക്കുന്നത്. ബവുച്ചി പീനല്‍കോഡിലെ 114 (പൊതു ശല്യം), 210 (മതനിന്ദ) എന്നീ വകുപ്പുകളാണ് ജടാവുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെക്കാലമായി നിഷേധിക്കപ്പെട്ടിരുന്ന ജാമ്യം റോഡ ജടാവുവിന് ലഭിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ ലീഗല്‍ ഉപദേഷ്ടാവായ സീന്‍ നെല്‍സണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭാ വിദഗ്ദര്‍ നൈജീരിയയിലെ മതനിന്ദാനിയമം, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളെ ലംഘിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നൈജീരിയന്‍ സര്‍ക്കാരിന് ഒരു കത്തയച്ചിരുന്നു. അതേസമയം നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട 5,500 ക്രിസ്ത്യാനികളില്‍ 90% നൈജീരിയക്കാരാണെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു.
