News
കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ പ്രാര്‍ത്ഥിക്കാനെത്തിയ യുവജനങ്ങളെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം
പ്രവാചകശബ്ദം 29-12-2023 - Friday
മാഡ്രിഡ്: ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ ജപമാല ചൊല്ലാൻ എത്തിയ യുവജന സംഘത്തെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം. കുഞ്ഞിപൈതങ്ങളുടെ തിരുനാളായ ഇന്നലെ ഡിസംബർ 28 വ്യാഴാഴ്ച രാവിലെയാണ് സംഭവം. "അതൊരു പരിശുദ്ധനായ നിഷ്കളങ്കനാണ്", "നിങ്ങൾ മുഖം തിരിക്കുകയാണോ" എന്നിങ്ങനെയുള്ള ഭ്രൂണഹത്യ ചെയ്യപ്പെട്ട ഗർഭസ്ഥ ശിശുക്കളുടെ ചിത്രങ്ങളോടൊപ്പം പ്ലക്കാര്‍ഡുകള്‍ രാവിലെ തന്നെ അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. പത്തോളം പോലീസുകാരെ ഉപയോഗിച്ചാണ് മാഡ്രിഡ് ഭരണകൂടം പ്രോലൈഫ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.
40 വർഷമായി ഭ്രൂണഹത്യ ചെയ്യുന്നതിൽ നിന്ന് അമ്മമാരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർ ജീസസ് പോവേട ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ ആരംഭം. രാവിലെ ഒന്‍പത് മണിയോടെ ഡേറ്റോർ ഭ്രൂണഹത്യ ക്ലിനിക്കിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിലത്തു പോയിരുന്ന് പ്രതിഷേധം ആരംഭിച്ചു. പിന്നാലെ ''പ്രേയിംഗ് ഈസ് നോട്ട് എ ക്രൈം'' എന്ന പ്രസ്ഥാനത്തിൻറെ യുവജനങ്ങൾ ഇവിടേക്കെത്തി പ്രകാശത്തിന്റെ രഹസ്യം ചെല്ലാൻ ആരംഭിക്കുകയായിരുന്നു.
മുട്ടുകുത്തി ഒരു വലിയ കുരിശും കൈകളിൽ പിടിച്ചാണ് അവർ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ഈ സമയത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ 10 പേർ സംഭവസ്ഥലത്തേക്ക് എത്തി. ഭ്രൂണഹത്യ ആനുകൂല മുദ്രാവാക്യങ്ങളും ആക്രോശവുമായാണ് പ്ലക്കാർഡുകളുമായി ഇവര്‍ എത്തിയത്. 9:30 ആയപ്പോഴേക്കും പോലീസുകാർ പോവേടയെ അവിടെനിന്ന് മാറാൻ നൽകിയ നിർദ്ദേശം ലംഘിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. അതേസമയം ഫെമിനിസ്റ്റുകള്‍ക്ക് നേരെ യാതൊരു നടപടിയും കൈക്കൊണ്ടില്ലായെന്നത് ശ്രദ്ധേയമാണ്.