News
ബെനഡിക്ട് പതിനാറാമൻ പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം
പ്രവാചകശബ്ദം 31-12-2023 - Sunday
വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. അന്നേ ദിവസം പ്രാദേശിക സമയം രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) പാപ്പ അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരിന്നു.
ദിവംഗതനാകുന്നതിന് മുന്‍പ് ഡിസംബർ 28ന് ആശ്രമത്തില്‍ പാപ്പയെ സഹായിക്കുന്ന സമർപ്പിതരുടെ സാന്നിധ്യത്തില്‍ പാപ്പ രോഗിലേപനം സ്വീകരിച്ചിരിന്നുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു. ഇതേ ദിവസം (ഡിസംബർ 28) രാവിലെ,ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു.
പത്രോസിന്‍റെ സിംഹാസനത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കും ശേഷം ബോധ്യമായെന്ന് സ്ഥാനത്യാഗം സംബന്ധിച്ച പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ പാപ്പ അന്നു പ്രസ്താവിച്ചിരിന്നു. സഭാദർശനങ്ങളിലൂടെയും അഗാധമായ പാണ്ഡിത്യത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ പത്രോസിന്റെ പിന്‍ഗാമിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സത്യ വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും കാവലാളായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചുക്കൊണ്ടിരിന്നത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി അൽഫോൻസാമ്മയെ നാമകരണം ചെയ്‌തതും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു.
എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷമായിരിന്നുവെന്നത് ശ്രദ്ധേയമാണ്. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം.
സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടും മുന്‍പ് ബെനഡിക്ട് പാപ്പ പറഞ്ഞ അവസാന വാക്കുകള്‍ “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” (Jesus, ich liebe dich) എന്നതായിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ലാ നസിയോണിന്റെ റോമിലെ പ്രതിനിധിയായ എലിസബെറ്റ പിക്യുവാണ് ലോകത്തെ അറിയിച്ചിരിന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ മാതര്‍ എക്ലേസിയ ഭവനം അർജന്റീനയിൽ നിന്നുള്ള ഒരു കൂട്ടം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ ഭവനമാക്കി മാറ്റുവാന്‍ അടുത്തിടെ വത്തിക്കാന്‍ തീരുമാനമെടുത്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.