India - 2024
ക്രൈസ്‌തവ സഭാധ്യക്ഷന്മാരെ അവഹേളിച്ചു നടത്തിയ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ
പ്രവാചകശബ്ദം 03-01-2024 - Wednesday
കൊച്ചി: പാർട്ടി സമ്മേളനത്തിൽ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ അവഹേളിച്ചു നടത്തിയ പരാമർശങ്ങളിൽ സിപിഎം നേതൃത്വം അതൃപ്‌തി പരസ്യമാക്കിയതോടെ മണിക്കൂറുകൾക്കുള്ളിൽ വാക്കുകൾ പിൻവലിച്ചും ഖേദം പ്രകടിപ്പിച്ചും മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ കെസിബിസി പ്രസിഡൻ്റ് ഉൾപ്പെടെ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിരുന്നു. വൈകാതെ സജി ചെറിയാൻ്റേത് സിപിഎം നിലപാടല്ലെ ന്നും പാർട്ടി നിലപാട് സെക്രട്ടറി പറയുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് പ്രസ്‌താവന പിൻവലിച്ചു ഖേദപ്രകടനം നടത്താൻ മന്ത്രി അടിയന്തരമായി പത്രസമ്മേളനം വിളിച്ചുചേർത്തത്.
പരാമർശങ്ങൾ വൈദികമേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയും വിഷമവും ഉണ്ടാക്കിയിട്ടുണ്ടെന്നു മനസിലാക്കി, ആ വാക്കുകൾ പിൻവലിക്കുകയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ക്ലീമിസുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണു താൻ. അദ്ദേഹത്തിനുൾപ്പെടെ തൻ്റെ പരാമർശം വിഷമമുണ്ടാക്കിയെന്നു മനസിലാക്കി. ഇതനുസരിച്ചാണ് പ്രസംഗത്തിൽ പറഞ്ഞ കേക്കിന്റെയും വീഞ്ഞിന്റെയും കാര്യങ്ങളും, രോമാഞ്ചം എന്ന പദപ്രയോഗവും പിൻവലിക്കുന്നത്. നടത്തിയതു വ്യക്തിപരമായ പരാമർശമാണ്. കെസിബിസി സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. പുന്നപ്രയിൽ പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ നടത്തിയ പ്രസംഗമാണ് നേരത്തെ വിവാദമായത്.