India - 2024
ദുരുദ്ദേശ്യപരമായ പ്രചാരണങ്ങൾ തിരിച്ചറിയണം: സീറോ മലബാർ സഭയുടെ വിശദീകരണ കുറിപ്പ്
പ്രവാചകശബ്ദം 23-01-2024 - Tuesday
സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ തട്ടിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം സാമൂഹ്യ മാധ്യമങ്ങളിൽ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നതു ദുരുദ്ദേശ്യപരമായ ലക്ഷ്യത്തോടെയാണെന്ന്‍ സീറോ മലബാർ സഭ. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ ഒരു രൂപതയുടെയും ഭാഗമാകാതെ ചിതറിപ്പാർത്തിരുന്ന സീറോ മലബാർ വിശ്വാസികൾക്കു അജപാലനസംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ അതിന്റെ പ്രാരംഭനടപടിയായി 2014ൽ അഭിവന്ദ്യ മാർ റാഫേൽ തട്ടിലിനെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിച്ചുവെന്ന് സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയുടെ ആമുഖത്തില്‍ പറയുന്നു.
അതിനേത്തുടർന്നു 2017ൽ ഷംഷാബാദ് രൂപത സ്ഥാപിതമാകുകയും മാർ റാഫേൽ തട്ടിലിനെ പുതിയ രൂപതയുടെ അധ്യക്ഷനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിക്കുകയും ചെയ്തു. പുതിയ രൂപതയുടെ വളരെ വിശാലമായ അതിർത്തികൾക്കുള്ളിൽ സീറോമലബാർസഭയുടെ അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും ഇടവകകൾ സ്ഥാപിക്കുന്നതിനും പിതാവ് പ്രേഷിത തീക്ഷ്ണതയോടെ പ്രവർത്തിച്ചു.
ശ്രമകരമായ ആ ദൗത്യനിർവഹണത്തിനിടയിൽ, സീറോമലബാർസഭയുടെ തനതായ അജപാലനസംവിധാനങ്ങൾ രൂപപ്പെടേണ്ടതിന്റെയും അതിനോടു സീറോമലബാർ വിശ്വാസികൾ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വസികളുടെ ഒരു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022ൽ ബെംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. സീറോമലബാർസഭയുടെ അംഗങ്ങൾ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളിൽ പങ്കെടുക്കണമെന്ന ആഹ്വാനമാണ് ആ പ്രസംഗത്തിന്റെ കാതൽ.
ആ പ്രസംഗത്തിൽ ലത്തീൻസഭയെക്കുറിച്ചുള്ള, തികച്ചും പ്രസംഗശൈലിയിൽ വന്ന, പരാമർശം ഒരിക്കലും ആ സഭയോടുള്ള അനാദരവ് ആയിരുന്നില്ല എന്നു വ്യക്തമാക്കാനും അഭിവന്ദ്യ പിതാവ് ആഗ്രഹിക്കുന്നു. ലത്തീൻസഭയുമായും മറ്റു കത്തോലിക്ക-അകത്തോലിക്കാസഭകളുമായും ബഹുമാനത്തിലും സ്നേഹത്തിലും സഹകരണത്തിലുമുള്ള ഒരു സഹവർത്തിത്വമാണ് അഭിവന്ദ്യ തട്ടിൽപിതാവിന്റെ സഭാത്മക സമീപനമെന്നു പിതാവിനെ അറിയാവുന്ന എല്ലാവർക്കും വ്യക്തമാകുന്ന കാര്യമാണ്. രണ്ടു വർഷങ്ങൾക്കുമുൻപു തികച്ചും സാന്ദർഭികമായി പ്രസംഗശൈലിയിൽ വന്ന ഒരു പരാമർശം ഇപ്പോൾ വിവാദമാക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നത് വ്യക്തമാണ്.
അതിനാൽ, ഈ വിഷയത്തിലുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നും സഭകൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
ഫാ. ഡോ. ആന്റണി വടക്കേകര വി. സി.
പി.ആർ.ഒ., സീറോമലബാർസഭ & സെക്രട്ടറി, മീഡിയ കമ്മീഷൻ