News
ചൈനയിൽ പുതിയ രൂപത സ്ഥാപിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 30-01-2024 - Tuesday
ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ചൈനയിൽ പുതിയ രൂപത സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 29ന് ചൈനയിലെ സെൻട്രൽ ഷാൻഡോങ് പ്രവിശ്യയിലെ വെയ്‌ഫാങ് രൂപത പുതിയതായി നിലവിൽ വന്നത്. ബെയ്‌ജിംഗിലെ പുനഃക്രമീകരിച്ച രൂപതാതിർത്തികൾ പരോക്ഷമായി അംഗീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ രൂപതയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഷാൻഡോങ് പ്രവിശ്യയിലെ വിവിധ ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ വെയ്‌ഫാങ് രൂപതയുടെ ആദ്യത്തെ ബിഷപ്പായി ആന്റണി സൺ അഭിഷിക്തനായി. 53 വയസുള്ള ബിഷപ്പ് സൺ, വെയ്ഫാങ് സ്വദേശി തന്നെയാണ്.
1931 ജൂൺ 16-ന് പയസ് പതിനൊന്നാമൻ പാപ്പ സ്ഥാപിച്ച് 2008 മുതൽ ഒഴിഞ്ഞുകിടന്നിരുന്ന മുൻ അപ്പസ്‌തോലിക് കാര്യാലയം യിഡൂക്സിയൻ രൂപതയ്ക്കു പകരമാണ് പുതിയ രൂപതയുടെ രൂപീകരണം. അജപാലനദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനും ആത്മീയ ഉന്നമനത്തിനും വേണ്ടിയാണ് പുതിയ രൂപീകരണമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ചൈനീസ് പാട്രിയോട്ടിക് അസോസിയേഷൻ പ്രസിഡന്‍റ് ബിഷപ്പ് ജോൺ ഫാങ് ക്സിൻഗ്യാവോ സ്ഥാനാരോഹണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ചൈനയില്‍ അഭിഷിക്തനാകുന്ന രണ്ടാമത്തെ ചൈനീസ് ബിഷപ്പാണ് ബിഷപ്പ് സൺ. ജനുവരി 25-ന് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഷെങ്‌ഷോവിലെ ബിഷപ്പിന്റെ സ്ഥാനാരോഹണം നടന്നിരിന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതു മുതൽ രൂപതാതിർത്തി സംബന്ധിച്ചു വത്തിക്കാനും ചൈനയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരിന്നു. ബെയ്‌ജിങ് പുനർനിർമ്മിച്ച രൂപതാതിർത്തികൾ അംഗീകരിച്ചാണ് മാർപാപ്പ വെയ്‌ഫാങിനെ രൂപതയായി ഉയത്തിയത്. ചൈനയിൽ 20 അതിരൂപതകൾ, 97 രൂപതകൾ, 28 അപ്പോസ്തോലിക് കാര്യാലയങ്ങൾ ഉൾപ്പെടെ കത്തോലിക്ക സഭയ്ക്ക് 147 സഭാധികാരപരിധികളുണ്ട്.
ക്വിങ്ഷോ മുതൽ ഗവോമി വരെ ഏകദേശം 6240 ചതുരശ്ര മൈൽ പ്രദേശം ഉൾക്കൊള്ളുന്ന വെയ്‌ഫാങ് രൂപതയുടെ കത്തീഡ്രൽ ദേവാലയം വെയ്‌ഫാങ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ക്വിംഗ്‌ഷോവിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ രൂപതയിൽ ഏകദേശം 6,000 കത്തോലിക്കരാണുള്ളത്. 10 വൈദികരും ആറ് കന്യാസ്ത്രീകളുമാണ് പുതിയ രൂപതയില്‍ സേവനമനുഷ്ഠിക്കുന്നത്.