News - 2024

ജൂബിലിയ്ക്കു ഒരുക്കമായി റോമിൽ മറ്റന്നാള്‍ മുതല്‍ സമർപ്പിത പ്രതിനിധി സമ്മേളനം

പ്രവാചകശബ്ദം 30-01-2024 - Tuesday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനു മുന്നോടിയായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ റോമിൽ നടക്കും. സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. അറുപതിലധികം രാജ്യങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തിൽ ഭാഗമാകും. 2025-ലെ ജൂബിലി സമ്മേളനത്തിനു ഓരോ രാജ്യങ്ങളിലെയും സമർപ്പിതരെ ഒരുക്കുവാൻ ഈ പ്രതിനിധിസമ്മേളനത്തിൽ അവതരിപ്പിക്കുന്ന പരിപാടികള്‍ സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഓരോ ദിവസങ്ങൾക്കായും പ്രധാനമായും നാലു പ്രമേയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്: പ്രതീക്ഷയിൽ വിശ്വസിക്കുക, ഉപവിയിൽ വളരുക, വിശ്വാസത്തിൽ ശക്തിപ്പെടുക, പ്രതീക്ഷയ്ക്കു സാക്ഷ്യം വഹിക്കുക എന്നിവയാണ് പ്രമേയങ്ങള്‍. വത്തിക്കാൻ കൂരിയയിലെ മറ്റു പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും. "പ്രത്യാശയുടെ തീർത്ഥാടകർ, സമാധാനത്തിന്റെ വഴിയിൽ" എന്നതാണ് സമർപ്പിത സഹോദരങ്ങൾക്കായുള്ള ജൂബിലിയുടെ പ്രമേയം.

സമാധാനത്തിനായുള്ള വഴികൾ സൃഷ്ടിക്കുവാനുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ഈ പ്രമേയം സമർപ്പിതർക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ മനുഷ്യരാശിയും ആഗ്രഹിക്കുന്ന, പുനർജന്മത്തിൻ്റെ അടയാളമായി പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷമാണ് ജൂബിലി യാത്രയെന്നും പ്രത്യാശയോടെ നമ്മുടെ സേവനങ്ങൾ മറ്റുള്ളവർക്കായി സമർപ്പിക്കാമെന്നും ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോവോ ബ്രാസ് ഡെ ആഹ്വാനം ചെയ്തു. 2025 ഒക്ടോബർ 8-9 തീയതികളിലാണ് റോമിൽവെച്ചു ജൂബിലി സമ്മേളനം നടക്കുന്നത്. ജൂബിലിക്ക് ഒരുക്കമായി ഈ വര്‍ഷം പ്രാര്‍ത്ഥനാവര്‍ഷമായാണ് ആഗോള കത്തോലിക്ക സഭ ആചരിക്കുന്നത്.


Related Articles »