News - 2024
വിശുദ്ധ നാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇറ്റാലിയന്‍ സഭയില്‍ ധനസമാഹരണം
പ്രവാചകശബ്ദം 10-02-2024 - Saturday
ജെറുസലേം: വിശുദ്ധ നാട്ടിലെ സംഘർഷത്തിൽ വലയുന്ന ജനങ്ങളോടു പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി ഇറ്റലിയില്‍ ധനസമാഹരണം. ദേശീയ തലത്തിൽ ഫെബ്രുവരി പതിനെട്ടിന് ധനസമാഹരണം നടത്താന്‍ ഇറ്റാലിയൻ മെത്രാൻ സമിതിയാണ് തീരുമാനിച്ചിരിക്കുന്നത്. തപസ് കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഫെബ്രുവരി 18ന് ഇറ്റലിയിലെ എല്ലാ ദേവാലയങ്ങളിലും എടുക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാട്ടിൽ സംഘർഷം മൂലം ബുദ്ധിമുട്ടുന്ന ജനതയുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി നൽകുമെന്നും അത് എല്ലാ വിശ്വാസികളുടെയും ഐക്യദാർഢ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും വ്യക്തമായ അടയാളമായിരിക്കുമെന്നും ഇറ്റാലിയൻ മെത്രാന്‍ സമിതി അറിയിച്ചു.
മെയ് മൂന്നിനകം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റലിക്ക് അയയ്ക്കുന്ന സംഭാവനകൾ ഈ മേഖലയിൽ ഏകീകൃത രീതിയിൽ സഹായം ആസൂത്രണം ചെയ്യാൻ കഴിയുമെന്നും മെത്രാന്‍ സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രാദേശിക സഭയുമായി കാരിത്താസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. അടിയന്തരാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ കാരിത്താസ് ജെറുസലേമിന്റെ ഇടപെടലുകളെ പിന്തുണയ്ക്കുകയും പുരോഗതി നിരീക്ഷിച്ച്, പ്രാദേശിക സഭകളെ പിന്തുടരുന്നത് തുടരുന്നുണ്ടെന്നും കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ ഫാ. മാർക്കോ പാഗ്നിയല്ലോ പറഞ്ഞു.
ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമായി പ്രാദേശിക അധികാരികളുമായി ചേർന്ന് വിവിധ സംരംഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 107 പേരടക്കം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 27,947 പലസ്തീൻകാർ കൊല്ലപ്പെടുകയും 67459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തി പൗരന്മാരെ ബന്ധിയാക്കിയതോടെയാണ് ആക്രമണം വലിയ രീതിയില്‍ ശക്തി പ്രാപിച്ചത്.