News

ക്രിസ്തു വിശ്വാസത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മാമ അന്തൂലയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും

പ്രവാചകശബ്ദം 10-02-2024 - Saturday

ബ്യൂണസ് അയേഴ്സ്: അർജൻറീനയിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ സത്യ വിശ്വാസത്തിന് വേണ്ടി നിലക്കൊണ്ട് ജീവിതം സമര്‍പ്പിച്ച മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസ് വിശുദ്ധ പദവിയിലേക്ക്. നാളെ ലൂർദ്ദ്നാഥയുടെ തിരുന്നാളും മുപ്പത്തിരണ്ടാം ലോക രോഗീദിനവും ആചരിക്കപ്പെടുന്ന ഫെബ്രുവരി പതിനൊന്നാം തീയതി ഞായറാഴ്ച, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പ മരിയ അന്റോണിയോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. അർജൻറീനയുടെ പ്രസിഡൻറ് ജാവിയർ മിലിയും ചടങ്ങിൽ പങ്കെടുക്കും.

1767ൽ ലാറ്റിൻ അമേരിക്കയിൽ പ്രദേശത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന സ്പെയിനിലെ രാജാവ് ജെസ്യൂട്ട് വൈദികരെ പുറത്താക്കിയതിനു ശേഷം മാമ അന്തൂലയാണ് ഇഗ്നേഷ്യൻ ആത്മീയത വിസ്മൃതിയിൽ ആയിപ്പോകാതെ കാത്തുസൂക്ഷിച്ചത്. അവർ തുക്കുമാൻ പ്രവിശ്യയിലൂടെ ജെസ്യൂട്ട് വൈദികർ ധരിക്കുന്നതിന് സമാനമായ വസ്ത്രം ധരിച്ച് ചുറ്റി സഞ്ചരിച്ചു. ചില സമയങ്ങളിൽ പ്രദേശത്തെ ജനങ്ങൾ അന്തൂലക്ക് മാനസിക പ്രശ്നമുണ്ടെന്നും, അവർ മന്ത്രവാദിനി ആണെന്നും അടക്കമുളള ആക്ഷേപങ്ങൾ നടത്തി. എന്നിരുന്നാലും ക്രിസ്തു സാക്ഷ്യം പകര്‍ന്നുള്ള ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്ന് അന്തൂല പിന്നോട്ട് പോയില്ല.

സ്വതന്ത്രരാക്കപ്പെട്ട അടിമകൾ തെരുവിൽ ഉപേക്ഷിക്കപ്പെടാതിരിക്കാനും അവർ ശ്രദ്ധിച്ചു. 1879ൽ അവർ ബ്യൂണസ് അയേഴ്സിലേക്ക് പോയി. അവിടുത്തെ മെത്രാൻ ക്രമേണ വൈദിക വിദ്യാർഥികൾക്ക് അടക്കം ഇഗ്നേഷ്യൻ ആത്മീയതയിൽ ഉള്ള അന്തൂലയുടെ ധ്യാനങ്ങൾ നിർബന്ധമാക്കി. ഈ ആത്മീയത പ്രചരിപ്പിക്കാൻ വേണ്ടി നഗരത്തിൽ മാമ അന്തൂല സ്ഥാപിച്ച ഭവനത്തിൽ അവരുടെ ജീവിതത്തിൻറെ അവസാനത്തെ 20 വർഷങ്ങളിൽ എഴുപതിനായിരത്തോളം ആളുകളാണ് സന്ദർശനം നടത്തിയത്. ഇതിൽ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു.

നിത്യമായ പ്രതിസന്ധിയിലാണ് അർജൻറീന ഇപ്പോൾ ഉള്ളതെങ്കിലും, വിശുദ്ധിയുടെ ഒരു അടയാളം ലോകത്തിൽ സൃഷ്ടിക്കാനാണ് മാമാ അന്തൂല നമ്മെ വിളിക്കുന്നതെന്നും ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് ജോർജ് ഇഗ്നാസിയോ ഗാർസിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആളുകളുടെ ഹൃദയങ്ങൾ തുറക്കാൻ വേണ്ടി പ്രത്യേകിച്ച്, അടിമകളെ സ്വതന്ത്രരാക്കാൻ വേണ്ടി മാമാ അന്തൂലക്ക് സാധിച്ചുവെന്ന് ലാ പ്ലാറ്റ രൂപതയുടെ സഹായമെത്രാനും, അർജൻറീന മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറിയുമായ ആൽബർട്ടോ ജർമൻ പറഞ്ഞു.


Related Articles »